മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

മലപ്പുറത്ത് കോഴി മാലിന്യ പ്ലാന്റിൽ ഉണ്ടായ അപകടത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. അരീക്കോട് ഊർങ്ങാട്ടിരി പഞ്ചായത്തിലെ കളപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം ഉണ്ടായത്.ബംഗ്ലാദേശ് സ്വദേശികളായ സമദ് അലി, ഹൈടെഷ് ശരണ്യ, വികാസ് കുമാർ എന്നിവരാണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ ഇവർ കോഴി മാലിന്യ പ്ലാന്റിന് സമീപമുള്ള കുഴിയിൽ അകപ്പെടുകയായിരുന്നു. സംഭവം നടന്ന സ്ഥലത്ത് വെച്ചുതന്നെ ഇവർ മരിച്ചതായാണ് വിവരം. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.