തിരുവനന്തപുരം: കെഎസ്ആർടിസി തിരുവനന്തപുരം ആസ്ഥാനമന്ദിരത്തിലെ കൺട്രോൾറൂം ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് കണ്ടക്ടർമാരെക്കൂടി സ്ഥലംമാറ്റി. അരുൺപ്രകാശ് (ആറ്റിങ്ങൽ), ദിവ്യ എസ്. നായർ (കണിയാപുരം), ആർ. മഹേഷ് (കിളിമാനൂർ), ജെ.എൻ. റിയാസ് മുഹമ്മദ് (പാലോട്), എസ്. സ്‌മിത (നെടുമങ്ങാട്), കെ.എസ്. സന്ദീപ് (നെടുമങ്ങാട്) എന്നിവരെയാണ് പേരിനൊപ്പമുള്ള യൂണിറ്റുകളേിലക്കു മാറ്റിയത്. കഴിഞ്ഞ ദിവസം ഒൻപതുപേരെ സ്ഥലംമാറ്റിയതിൻ്റെ തുടർച്ചയാണിത്. ഇതോടെ കൺട്രോൾറൂം ഡ്യൂട്ടിയിലുണ്ടായിരുന്ന 15 പേരെയും വിവിധ യൂണിറ്റുകളിലേക്കു തിരിച്ചയച്ചു.
മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നേരിട്ടു വിളിച്ചിട്ടും കൺട്രോൾറൂമിലെ ഫോൺ എടുക്കാത്തതിനെത്തുടർന്നാണ് നടപടി. യാത്രക്കാരിൽനിന്നുള്ള അന്വേഷണവും പരാതികളും സ്വീകരിക്കുന്നതിനു വേണ്ടിയുള്ളതാണ് ചീഫ് ഓഫീസിലെ കൺട്രോൾറൂം. പത്ത് ടെലിഫോൺ ലൈനുകൾ നൽകിയിട്ടുണ്ടെങ്കിലും വിളിച്ചാൽ ഫോൺ എടുക്കില്ലെന്ന പരാതി വ്യാപകമാണ്.