കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന യാത്രക്കാരുടെ ആവശ്യത്തോട് മുഖംതിരിച്ച് അധികൃതർ.നിരവധിപേർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ യാത്രക്കാർ വലയുകയാണ്. ട്രെയിൻ വന്നിറങ്ങുന്ന യാത്രക്കാർ വിവിധ സ്ഥലങ്ങളിലെത്താൻ കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ വെയിലും മഴയും സഹിച്ചാണ് ഇവിടെ നിൽക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രം വരുന്നതോടെ റെയിൽവേ യാത്രക്കാരുൾപ്പെടെയുള്ളവർക്കും സമീപവാസികൾക്കും പ്രയോജനകരമാകും. ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും നാട്ടുകാരും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ അധികൃതരിൽ നിന്നും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്ന് യാത്രക്കാർ പറഞ്ഞു.
ബസ് കാത്തിരിപ്പ് കേന്ദ്രമെന്നത് യാത്രക്കാർക്കൊപ്പം റെയിൽവേയുടെയും ആവശ്യമാണെന്നിരിക്കെ, ബസ് സ്റ്റോപ്പിന് വാടക വേണമെന്ന റെയിൽവേയുടെ നിർദ്ദേശം എന്തുകൊണ്ടെന്നറിയാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. എം.പിക്കും എം.എൽ.എയ്ക്കും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. വി.ശശി എം.എൽ.എ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകുകയും എം.എൽ.എ ഫണ്ടിൽ നിന്ന് പണം അനുവദിക്കുകയും ചെയ്തിരുന്നു. കാത്തിരിപ്പ് കേന്ദ്രം റെയിൽവേ പരിധിയിലുള്ള സ്ഥലത്ത് നിർമ്മിക്കേണ്ടതിനാൽ റെയിൽവേ അധികൃതർക്ക് എം.എൽ.എ അപേക്ഷ നൽകുകയായിരുന്നു. കാത്തിരിപ്പ് കേന്ദ്രത്തിന് അനുകൂല മറുപടി കിട്ടിയെങ്കിലും സ്ഥലത്തിന്റെ അനവധി വർഷത്തെ വാടക ഒന്നിച്ച് അടയ്ക്കണമെന്നാണ് റെയിൽവേയുടെ നിർദ്ദേശം. അടിയന്തരമായി റെയിൽവേയും എം.എൽ.എയും നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.