മാര്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു

ആഗോള കത്തോലിക്കാ സഭക്ക് പുതിയ പാപ്പയെ തെരഞ്ഞെടുത്തു. അമേരിക്കയിലെ ഷിക്കാഗോയില്‍നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ് ആണ് പുതിയ പാപ്പ. ലിയോ പതിനാലാമന്‍ എന്ന് അദ്ദേഹം അറിയപ്പെടും.

കോണ്‍ക്ലേവിലെ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ പാപ്പയെ തെരഞ്ഞെടുത്തത്. ഇക്കാര്യം ലോകത്തെ അറിയിച്ച് സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്ത പുക ഉയരുകയായിരുന്നു.കത്തോലിക്ക സഭാ ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കയില്‍ നിന്നുള്ള ഒരാള്‍ മാര്‍പാപ്പയാകുന്നത്. 30 വര്‍ഷത്തോളം ഒരു മിഷനറിയായി പ്രവര്‍ത്തിച്ച റോബര്‍ട്ട് പെര്‍വോസ്റ്റ് പെറുവില്‍ പിന്നീട് ആര്‍ച്ച് ബിഷപ്പായും പ്രവര്‍ത്തിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാത പിന്തുടരുന്ന ഒരു പരിഷ്‌കര്‍ത്താവ് എന്ന നിലയിലാണ് റോബര്‍ട്ട് പെര്‍വോസ്റ്റ് കണക്കാക്കപ്പെടുന്നത്.2014-ല്‍ പെറുവിലെ ചിക്ലായോ രൂപതയെ നയിക്കാനായി കര്‍ദ്ദിനാള്‍ പെര്‍വോസ്റ്റിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിക്കുകയായിരുന്നു. 2015-ല്‍ റോബര്‍ട്ട് പ്രെവോസ്റ്റ് പെറുവിയന്‍ പൗരത്വം നേടിയിരുന്നു. 2023-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോബര്‍ട്ട് പെര്‍വോസ്റ്റിനെ വത്തിക്കാനിലേയ്ക്ക് തിരികെ കൊണ്ടുവന്നു. ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനായാണ് അദ്ദേഹം നിയമിക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയുടെ പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റ് കൂടിയായിരുന്നു പെര്‍വോസ്റ്റ്.