വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

രാജ്യത്ത് വിവിധയിടങ്ങളില്‍ പാക് ഡ്രോണ്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. സാംബയില്‍ ഷെല്ലാക്രമണവും ഡ്രോണ്‍ ആക്രമണവും നടന്നതായും കുപ് വാരയില്‍ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) തീവ്രമായ പീരങ്കി വെടിവയ്പ്പ് തുടരുന്നതായാണ് വിവരം. ഉറിയില്‍ ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നൗഗാം- ഹന്ദ്വാര സെക്ടറില്‍ കനത്ത ഷെല്ലാക്രമണം നടക്കുന്നു. പൂഞ്ചില്‍ ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്തു. ജമ്മുവില്‍ ഡ്രോണുകള്‍ കണ്ടെത്തി. അതേസമയം അവിടെ വൈദ്യുതി നിര്‍ത്തിവെക്കുകയും സൈറണുകള്‍ സജീവമാക്കുകയും ചെയ്തു.
പഠാന്‍കോട്ടിലും ഡ്രോണുകള്‍ കണ്ടെത്തി. അവിടെയും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. പൊഖ്റാനില്‍ സൈനിക മേഖലയ്ക്ക് സമീപം ഡ്രോണ്‍ തടഞ്ഞു. അമൃത്സറില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ സ്ഥിരീകരിച്ചു. രജൗരിയില്‍ ഡ്രോണ്‍ പ്രവര്‍ത്തനം നിരീക്ഷിക്കപ്പെട്ടു, പ്രതിരോധ നടപടികള്‍ പുരോഗമിക്കുന്നു.

പാകിസ്ഥാന്‍ ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. മെയ് 8ന് രാത്രിയും 9ന് പുലര്‍ച്ചെയും പാകിസ്താന്‍ ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ആക്രമണത്തിന് പാകിസ്താന്‍ തുര്‍ക്കിഷ് ഡ്രോണുകളും ഉപയോഗിച്ചു. 36 കേന്ദ്രങ്ങളാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്. അന്തര്‍ദേശീയ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പലതവണ ആക്രമണം നടത്തി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്നും വിദേശകാര്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



വിവിധ ഇന്ത്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. പാകിസ്താന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. 300 മുതല്‍ 400 വരെ ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം കനത്ത ജാഗ്രതയിലാണ് അതിര്‍ത്തി ഗ്രാമങ്ങള്‍. ഛണ്ഡിഗഡില്‍ ഉള്‍പ്പടെ ഇന്ന് രാവിലെ അപായ സൈറണ്‍ മുഴങ്ങി. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് നിര്‍ദേശം. ബാല്‍ക്കണികളില്‍ നില്‍ക്കരുത്. വീടിനുള്ളില്‍ കഴിയണമെന്നും മുന്നറിയിപ്പുണ്ട്. അംബാലയില്‍ ഇന്ന് രാത്രി സമ്പൂര്‍ണ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി എട്ട് മുതല്‍ രാവിലെ ആറ് മണി വരെയാണ് ബ്ലാക്ക്ഔട്ട്.