സെപ്തംബറോടെ കേരളത്തിലെ ട്രെയിനുകളുടെ വേഗത കൂടും; ലൂപ് ലൈനുകളെ പ്രധാന പാതയുടെ നിലവാരത്തിലാക്കും

കേരളത്തിലോടുന്ന ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനുള്ള നടപടിക്രമങ്ങളുമായി റെയില്‍വേ. ലൂപ്പ് ലൈനുകളെ പ്രധാന ട്രാക്കുകളുടെ നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് റെയില്‍വെയുടെ തീരുമാനം. ഈ സാങ്കേതിക നവീകരണം സെപ്തംബറോടെ പൂര്‍ത്തിയാകും. 31 സ്‌റ്റേഷനുകളില്‍ ഇതിനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. നിലവിലെ ശരാശരി വേഗത മണിക്കൂറില്‍ 80 കിലോ മീറ്ററാണ്.

എന്താണ് ലൂപ് ലൈന്‍

പ്രധാന പാളത്തില്‍നിന്ന് സ്‌റ്റേഷനിലേക്ക് തിരിഞ്ഞ് കയറുന്ന പാതയാണ് ലൂപ്പ് ലൈന്‍. ലൂപ്പ് ലൈന്‍ പ്രധാനമായും സ്റ്റേഷന്‍ അധികാര പരിധിയിലാണ് ലഭ്യമാകുന്നത്. ഒറ്റവരി പാതയില്‍ എതിര്‍ ദിശയില്‍ ഓടുന്ന രണ്ട് ട്രെയിനുകളെ മുറിച്ച് കടക്കാനും ഇത് ഉപയോഗിക്കുന്നു.പ്രധാന ലൈനില്‍ നിന്ന് ലൂപ്പ് ലൈനുകളിലേക്ക് ട്രെയിനുകള്‍ കടത്തിവിടുന്ന കറന്റ് സ്വിച്ചുകള്‍ കട്ടിയുള്ള വെബ് സ്വിച്ചുകള്‍ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കും. ഇതിലൂടെ ലൂപ്പ് ലൈനുകളില്‍ മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ ട്രെയിനുകള്‍ക്ക് ഓടാനും പ്രധാന ലൈനുകളിലേക്ക് തിരികെ പോകാനും കഴിയും. ട്രാക്ക്, റോളിങ് സ്‌റ്റോക്ക്, സിഗ്നലിംഗ്‌സ ട്രാഫിക് സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കും. ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് റെയിലുകള്‍ 60 കിലോഗ്രാം വിഭാഗത്തിലേക്ക് ഉയര്‍ത്തല്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം പൂര്‍ത്തിയായി.

തിരുവനന്തപുരവും കൊല്ലവും ഉള്‍പ്പടെ വലിയ സ്റ്റേഷനുകളില്‍ പ്രധാന പ്ലാറ്റ്‌ഫോമുകള്‍ പ്രധാന പാതകളുടെതന്നെ ഭാഗമാണ്. കായംകുളം, മാവേലിക്കര, ഓച്ചിറ, വര്‍ക്കല, കഴക്കൂട്ടം തുടങ്ങി നിരവധി സ്‌റ്റേഷനുകളില്‍ ലൂപ് ലൈനിലൂടെയാണ് പ്രധാന പ്ലാറ്റ്‌ഫോമില്‍ എത്തുക. പല സ്‌റ്റേഷനുകളിലും പാത ഇരട്ടിപ്പിക്കലോടെ പ്രധാന പ്ലാറ്റ്‌ഫോം ലൂപ് ലൈനിലേക്ക് മാറ്റിക്കഴിഞ്ഞു.