21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് സുപ്രിംകോടതി. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം. ജുഡീഷ്യറില്‍ ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനാണ് ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ജസ്റ്റിസ് കെ.വി വിശ്വനാഥന് 120.96 കോടിയുടെ സ്വത്തുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് 3.38 കോടിയുടെ നിക്ഷേപമാണുള്ളത്.ഏപ്രില്‍ ഒന്നിന് ചേര്‍ന്ന ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് നോട്ട് കെട്ടുകള്‍ കണ്ടെടുത്തുവെന്ന ആരോപണം വലിയ വിവാദമായ സാഹചര്യത്തിലാണ് സുപ്രിംകോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിടാന്‍ തീരുമാനിച്ചത്. നേരത്തെ സുപ്രിംകോടതി ജഡ്ജിമാര്‍ അവരുടെ സ്വത്ത് വിവരങ്ങള്‍ ചീഫ് ജസ്റ്റിസിനെ അറിയിക്കുമെങ്കിലും അത് പുറത്തുവിടാറില്ലായിരുന്നു.ജസ്റ്റിസ് കെ.വി വിശ്വനാഥനാണ് സുപ്രിംകോടതി ജഡ്ജിമാരില്‍ ഏറ്റവും സമ്പന്നന്‍. 120.96 കോടി രൂപയാണ് ജസ്റ്റിസ് കെ.വി വിശ്വനാഥന്റെ നിക്ഷേപം. 2010 മുതല്‍ 2015 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതിയിനത്തില്‍ 91.47 കോടി രൂപയാണ് ജസ്റ്റിസ് വിശ്വനാഥന്‍ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചത്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് സൗത്ത് ഡല്‍ഹിയില്‍ മൂന്ന് ബെഡ്റൂമുള്ള ഫ്ളാറ്റ്, ഗുരുഗ്രാമില്‍ നാല് ബെഡ്റൂം ഉള്ള ഫ്ളാറ്റില്‍ 56 ശതമാനം ഷെയര്‍ തുടങ്ങിയവയുണ്ട്. ബാങ്കില്‍ 55,75,000 രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. പിപിഎഫില്‍ 1,06,86,000 രൂപയും ജിപിഎഫില്‍ 1,77,89,000 രൂപയുമുണ്ടെന്നും സുപ്രിംകോടതി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നു.അടുത്ത ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ബി.ആര്‍ ഗവായിക്ക് അമരാവതി, മുംബൈ ബാന്ദ്ര, ഡല്‍ഹി ഡിഫന്‍സ് കോളനി എന്നിവിടങ്ങളില്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്മെന്റുകളുണ്ട്. അമരാവതി, കേദാപൂര്‍ എന്നിവിടങ്ങളില്‍ കൃഷിഭൂമിയുമുണ്ട്. 19,63,584 രൂപയാണ് ജസ്റ്റിസ് ഗവായിയുടെ ബാങ്ക് ബാലന്‍സ്.
ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, ബി.വി നാഗരത്ന, ദീപാങ്കര്‍ ദത്ത, അഹ്സനുദ്ദീന്‍ അമാനുല്ല, മനോജ് മിശ്ര, അരവിന്ദ് കുമാര്‍, പ്രശാന്ത് കുമാര്‍ മിശ്ര, സതീഷ് ചന്ദ്ര ശര്‍മ, പ്രസന്ന ബാലചന്ദ്ര വരാലെ, എന്‍. കോടീശ്വര്‍ സിങ്, ആര്‍. മഹാദേവന്‍, ജോയ്മല്യ ബഗ്ചി എന്നിവര്‍ സ്വത്ത് വിവരങ്ങള്‍ അപ്ലോഡ് ചെയ്തിട്ടില്ല.