ആറ്റിങ്ങൽ : ആലംകോട് ചന്ത ഉണരുന്നത് രാത്രിയിലാണ്. പകൽമുഴുവൻ ഇവിടം നിശ്ശബ്ദമാണ്. എന്നാൽ രാത്രി 11 മണിയാകുന്നതോടെ മീനുകൾ നിറച്ച കൂറ്റൻ ലോറികൾ ഇവിടേക്കെത്തും. ചന്തയ്ക്കുള്ളിലും ദേശീയപാതയിലും കടയ്ക്കാവൂർ റോഡിലുമായി ഈ ലോറികൾ ഊഴംകാത്തുകിടക്കും.
രാത്രി രണ്ടുമണിയാകുന്നതോടെ വിവിധ ജില്ലകളിൽനിന്ന് മീനെടുക്കാൻ വരുന്ന ചെറുകിട കച്ചവടക്കാരെക്കൊണ്ടും വിവിധ ഭാഷകൾ സംസാരിക്കുന്ന ലോറിത്തൊഴിലാളികളെക്കാണ്ടും ഇവിടമാകെ നിറയും.
പിന്നെ ലേലംവിളിയുടെ ആരവങ്ങളാണ്. പുലർച്ചെ നാലുമണിവരെ ഇതു നീളും. തുടർന്ന് ചന്ത വൃത്തിയാക്കി കഴുകിയിടും. നേരം പുലരുമ്പോഴേക്കും ഇവിടം ആളനക്കമില്ലാതെ ഒഴിഞ്ഞുകിടക്കും.
ഇത്രയും പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമായിരുന്നിട്ടും ചന്തയ്ക്കുള്ളിൽ അടിസ്ഥാനസൗകര്യങ്ങളില്ല. ശൗചാലയങ്ങളില്ലാത്തതാണ് പ്രധാന ദുരിതം. ചന്തയ്ക്കുള്ളിൽ 2004-ൽ നഗരസഭ നിർമിച്ച ശൗചാലയമന്ദിരമുണ്ട്. ഇത് കഷ്ടിച്ച് ഒരുവർഷം മാത്രമാണ് പ്രവർത്തിച്ചത്. ഇപ്പോൾ ശൗചാലയത്തിനുള്ളിൽ മാലിന്യം നിറച്ചിട്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ മേൽക്കൂരയിലും ചുമരുകളിലും മരങ്ങൾ മുളച്ച് വളർന്നുനില്ക്കുന്നതിനാൽ ഇത് തകർച്ചയുടെ വക്കിലുമാണ്. പ്രവർത്തിക്കാത്ത ശൗചാലയത്തിന്റെ ഭിത്തിയിൽ വെള്ളക്കരക്കുടിശ്ശിക ഒടുക്കണമെന്നുകാട്ടി ജല അതോറിറ്റി പതിപ്പിച്ച നോട്ടീസും കാണാം. ശൗചാലയമില്ലാത്തതു നിമിത്തം ചന്തയിലെത്തുന്നവർ പ്രാഥമികകൃത്യങ്ങൾക്കായി സ്വകാര്യകെട്ടിടങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ചന്തയിൽനിന്നുള്ള മലിനജലം ഓടയിലേക്കാണ് ഒഴുകുന്നത്.
ഓടയിൽ മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്. കൃമികൾ നിറഞ്ഞ് കറുത്തനിറത്തിൽ കിടക്കുന്ന ഈ വെള്ളത്തിൽനിന്നു ദുർഗന്ധം വമിക്കുന്നുണ്ട്.
അന്തിച്ചന്ത ആലംകോട് ചന്തയെ കൂടുതൽ ജനകീയമാക്കുന്നതിനായി നഗരസഭ മുൻകൈയെടുത്ത് അന്തിച്ചന്ത ആരംഭിച്ചു.എന്നാൽ ഇവിടെ ചന്ത വേണ്ടരീതിയിൽ പ്രവർത്തിക്കുന്നില്ല.
ഒന്നോ രണ്ടോ മത്സ്യത്തൊഴിലാളിസ്ത്രീകൾ വൈകുന്നേരങ്ങളിൽ റോഡരികിലിരുന്ന് മീൻവിൽക്കുന്നതു മാത്രമാണ് ഇപ്പോൾ ഇവിടെ നടക്കുന്ന അന്തിച്ചന്ത. മറ്റു കച്ചവടങ്ങളൊന്നും ഇവിടെയില്ല. ചന്ത ശക്തമാക്കാൻ വേണ്ട പ്രവർത്തനങ്ങളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
പൂട്ടിക്കിടക്കുന്ന ശൗചാലയം അറ്റകുറ്റപ്പണികൾ നടത്തി തുറക്കുകയോ പുതിയത് നിർമിക്കുകയോ വേണം.
വഴിയിടം വിശ്രമകേന്ദ്രത്തിൽ ഒന്ന് ആലംകോട് നിർമിച്ചിരുന്നെങ്കിൽ ഈ പ്രശ്‌നത്തിന് പരിഹാരമാകുമായിരുന്നു. അതിനുള്ള നടപടികൾ ഉണ്ടായില്ല.
ആറ്റിങ്ങൽ നഗരസഭയുടെ പ്രധാന വരുമാനസ്രോതസ്സുകളിലൊന്നാണ് ആലംകോട് ചന്ത. ജില്ലയിലെ പ്രധാന മീൻമൊത്തവ്യാപാരകേന്ദ്രമാണിത്. കേരളത്തിലെ തീരങ്ങളിൽനിന്നുള്ളതുകൂടാതെ ഗോവ, കർണാടക, മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നും ഇപ്പോഴിവിടെ മീനെത്തുന്നുണ്ട്.
ദിവസവും 20 മുതൽ 30 വരെ ലോറികളാണെത്തുന്നത്. ശരാശരി രണ്ടുകോടിയുടെ കച്ചവടം നടക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള ചെറുകിട കച്ചവടക്കാരാണ് മീൻവാങ്ങാനെത്തുന്നത്.പിക്കപ്പുകളിലും ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലുമായി മീൻവാങ്ങി കച്ചവടത്തിനു പോകുന്നവരാണ് അധികവും. രണ്ടായിരത്തിലധികമാളുകൾ ഇവിടെ എത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.