കിളിമാനൂർ : പുതിയകാവ് പൊതു ചന്തയുടെ നവീകരണജോലികൾ ഉദ്ഘാടനം കഴിഞ്ഞ് 40 ദിവസം പിന്നിട്ടിട്ടും തുടങ്ങുന്നില്ലെന്ന് പരാതി. പണി തുടങ്ങാനായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയ ശേഷം, മാർച്ച് 21-നാണ് മന്ത്രി സജി ചെറിയാൻ നിർമാണോദ്ഘാടനം നടത്തിയത്. അതിൽപ്പിന്നീട് ഒന്നും നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെയും വിവിധയിടങ്ങളിൽനിന്നെത്തുന്ന കച്ചവടക്കാരുടെയും പരാതി. ചന്തയുടെ പ്രവർത്തനം പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്ക് മാറ്റിയെങ്കിലും ബുധൻ, ശനി ദിവസങ്ങളിലെ കന്നുകാലിച്ചന്ത ഇനിയും ഇവിടേക്ക് എത്തിയിട്ടില്ല. പൊളിച്ചുമാറ്റിയ ഭാഗത്ത് നിർമാണമൊന്നും തുടങ്ങാത്തതിനാൽ ഏതാനും കച്ചവടക്കാർ ഇവിടെയെത്തി വണ്ടിയിലും മറ്റുമായി വഴിയോരവാണിഭം നടത്തുന്നുണ്ട്. ഇവിടെയുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതല്ലാതെ മരങ്ങൾ പോലും ഇനിയും മുറിച്ചുമാറ്റിയിട്ടില്ല.
2020-ൽ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മുൻ എംഎൽഎ ബി. സത്യന്റെ ഇടപെടലിൽ ചന്ത നവീകരിക്കാനുള്ള മാസ്റ്റർപ്ലാൻ രൂപവത്കരിച്ചത്. പദ്ധതിക്കായി കിഫ്ബി ഫണ്ടിൽനിന്നുള്ള തുക അനുവദിച്ചിരുന്നു. നിർമാണത്തിന്റെ പ്രാരംഭമായി പഴയ കെട്ടിടങ്ങൾ പൊളിക്കാനും നിർമാണോദ്ഘാടനത്തിനുമായി അഞ്ചുവർഷം കാത്തിരിക്കേണ്ടിവന്നു. ഇതിനെത്തുടർന്നാണ് പണി ഇനിയും വൈകുമോ എന്നതുസംബന്ധിച്ചുള്ള ആശങ്കകൾ ഉയരുന്നത്.
സംസ്ഥാന തീരദേശവികസന കോർപ്പറേഷനാണ് ചന്തയുടെ നവീകരണത്തിന്റെ നിർമാണച്ചുമതല. ഇതിനായി 3.58 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഏറ്റവും അത്യന്താധുനിക നിലവാരമുള്ള അറവുശാലയും, മത്സ്യ, മാംസ സ്റ്റാളുകളുമൊരുക്കാനാണ് പദ്ധതി. മലിനജലം ഒഴുക്കിവിടാനുള്ള ക്രമീകരണങ്ങളുണ്ടാകും.
ചന്തയിലെ മാലിന്യസംസ്കരണത്തിന് ആധുനിക സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള പ്ലാന്റ് ഒരുക്കും. രണ്ടു നിലകളിൽ കെട്ടിടമൊരുക്കി താഴത്തെനിലയിൽ കടകൾക്കായും, മുകൾനിലയിൽ ഓഫീസ് ആവശ്യങ്ങൾക്കായും ക്രമീകരിക്കും. 18 മാസമാണ് നിർമാണ കാലാവധി. എന്നാൽ, ഇതെല്ലാം എന്ന് പൂർത്തിയായിക്കാണാൻ സാധിക്കുമെന്ന സംശയവും ഒപ്പം ഉയരുന്നുണ്ട്. എന്നാൽ, നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക ജോലികൾ സജീവമായി ആരംഭിച്ചിട്ടുണ്ടെന്നാണ് തീരദേശവികസന കോർപ്പറേഷന്റെ സാങ്കേതിക വിഭാഗം അറിയിച്ചത്.