ധർമശാല :ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാവിയിൽ ഇന്ന് തീരുമാനമെടുക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. സാഹചര്യങ്ങൾ പരിഗണിച്ചാകും മത്സരങ്ങൾ തുടരുന്ന കാര്യം പരിഗണിക്കുക. കളിക്കാരുടെ സുരക്ഷയ്‌ക്കാണ് പ്രധാന പരിഗണനയെന്നും രാജീവ് ശുക്ല വ്യക്തമാക്കി. പഞ്ചാബ് കിങ്സ്–ഡൽഹി ക്യാപിറ്റൽസ് മത്സരം ഉപേക്ഷിച്ചതിനുപിന്നാലെ ബിസിസിഐ ഭാരവാഹികൾ യോഗം ചേർന്നു.
ഞായറാഴ്‌ച നിശ്ചയിച്ചിരുന്ന മുംബൈ ഇന്ത്യൻസ്–-പഞ്ചാബ് കിങ്‌സ് മത്സരത്തിന്റെ വേദി ബിസിസിഐ മാറ്റിയിരുന്നു. ധർമശാലയിൽനിന്ന് അഹമ്മദാബാദിലേക്കാണ് കളി മാറ്റിയത്.
അതിർത്തിയിലെ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ ധർമശാലയിലെയും ചണ്ഡീഗഢിലെയും വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. മുംബൈ ടീം ഇക്കാരണത്താൽ യാത്ര റദ്ദാക്കി. കഴിഞ്ഞ ദിവസം ഡൽഹി ടീം പത്ത് മണിക്കൂർ യാത്ര ചെയ്‌താണ് പഞ്ചാബ് കിങ്സുമായുള്ള മത്സരത്തിനായി ധർമശാലയിൽ എത്തിയത്.
പഞ്ചാബ് – ഡൽഹി� കളി ഉപേക്ഷിച്ചു
ഐപിഎൽ ക്രിക്കറ്റ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചു. കശ്‌മീരിൽനിന്ന് 200 കിലോമീറ്റർമാത്രം അകലെയുള്ള ധർമശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ പഞ്ചാബ് കിങ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള കളിയാണ് ഒഴിവാക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് 10.1 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 122 റണ്ണെന്നനിലയിലാണ് കളി തടസ്സപ്പെട്ടത്. പ്രിയാൻഷ് ആര്യ 34 പന്തിൽ 70 റണ്ണെടുത്ത് പുറത്തായി. പേസർ ടി നടരാജനാണ് വിക്കറ്റ്. പ്രഭ്‌സിമ്രാൻ സിങ് 28 പന്തിൽ 50 റണ്ണുമായി ക്രീസിലുണ്ടായിരുന്നു. തുടർച്ചയായ നാലാം അർധസെഞ്ചുറിയാണ്. പതിനൊന്നാം ഓവർ തുടങ്ങിയപ്പോഴേക്കും രണ്ട് ഫ്‌ളഡ്‌ലിറ്റുകൾ കണ്ണടച്ചു. തുടർന്ന് കളി നിർത്തി. മഴയെത്തുടർന്ന് ഒരുമണിക്കൂർ വൈകിയാണ് കളി തുടങ്ങിയത്.
സാങ്കേതിക തകരാറിനെത്തുടർന്ന് കളി ഉപേക്ഷിക്കുകയാണെന്നാണ് ബിസിസിഐ വിശദീകരണം. കളിക്കാരെയും കാണികളെയും സുരക്ഷാ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു. കശ്‌മീരിൽ സൈനിക ഇടപെടൽ സംബന്ധിച്ച വാർത്തകൾ വരുന്നതിനിടയിലാണ് കളി ഉപേക്ഷിച്ചത്. കളിക്കാർക്കായി പ്രതേ-്യക ട്രെയിൻ സജ്ജമാക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.