ചിറയിൻകീഴ് : മുതലപ്പൊഴിയിലെ മണൽനീക്കാൻ കൊണ്ടുവന്ന ചന്ദ്രഗിരി െഡ്രജ്ജറിന്റെ കേടുപാടുകൾ ഭാഗികമായി തീർത്തശേഷം ശനിയാഴ്ച നടത്തിയ ട്രയൽ റൺ വിജയം കണ്ടു. പൈപ്പിനും എൻജിൻ െബൽറ്റിനും െഡ്രജ്ജിങ് െബ്ളയ്‌ഡ് ഉൾപ്പെടെയുള്ളവയ്ക്ക് തകരാർ കണ്ടതോടെയാണു മണൽനീക്കം അനിശ്ചിതാവസ്ഥയിലായത്.
തകരാറുകൾ ഭാഗികമായി പരിഹരിച്ചശേഷമാണ് ട്രയൽ റൺ നടത്തിയത്. ഇനി പൈപ്പുകൾ കൂട്ടിയോജിപ്പിച്ചാലുടൻ മണൽനീക്കം ആരംഭിക്കാൻ കഴിയും.
എന്നാൽ െഡ്രജ്ജിങ് കട്ടറിന്റെ കേടുവന്ന ഭാഗം കൂടി മാറ്റിയാലെ െഡ്രജ്ജർ പൂർണസജ്ജമെന്നു പറയാൻ കഴിയൂ. ഇത് തിങ്കളാഴ്ച രാവിലെ പരിഹരിക്കുമെന്നാണു കരാറുകാർ പറയുന്നത്. തിങ്കളാഴ്ച ഒരുദിവസം കൊണ്ട് മണൽ നീക്കാനുള്ള പൈപ്പുകൾ െഡ്രജ്ജറിൽ ഘടിപ്പിക്കുന്നതു പൂർത്തിയാക്കാനായാൽ വൈകീട്ടോടെ െഡ്രജ്ജിങ് ആരംഭിക്കാനാകും. അതേസമയം അഴിമുഖത്തുനിന്നും മണ്ണുമാന്തി ഉപയോഗിച്ചുള്ള മണൽനീക്കം തൊഴിലാളികൾ വീണ്ടും തടഞ്ഞു.
െഡ്രജ്ജർ ചാനലിലേക്കു പ്രവേശിപ്പിക്കാനെടുത്ത ചാനൽവഴി അഴിമുഖത്ത് െഡ്രജ്ജറെത്തിച്ച് അവിടെനിന്നും മണൽനീക്കം ആരംഭിച്ചാൽ മതിയെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികൾ.
ചെറിയ െഡ്രജ്ജറും മണ്ണുമാന്തിയും ഉപയോഗിച്ച് പൊഴിമുഖത്തുനിന്നും മാറ്റിയ മണൽ വീണ്ടും പൊഴിമുഖത്തെ മൂടാൻ തുടങ്ങിയിട്ടുണ്ട്.
െഡ്രജ്ജിങ് വൈകുന്നതിനാൽ ഹാർബർ എക്‌സിക്യുട്ടീവ് എൻജിനീയറെ മത്സ്യത്തൊഴിലാളികൾ വീണ്ടും തടഞ്ഞുവെച്ചിരുന്നു. ചന്ദ്രഗിരി െഡ്രജ്ജർ മുതലപ്പൊഴിയിലെത്തിക്കുന്നതിനു മുൻപ് െഡ്രജ്ജറിന്റെ കാര്യക്ഷമത പരിശോധിച്ചിട്ടില്ലെന്നു മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.
െഡ്രജ്ജ് ചെയ്യുന്ന മണൽ താഴംപള്ളി ഭാഗത്തും പെരുമാതുറ ഭാഗത്തുമായി നിക്ഷേപിക്കും. െഡ്രജ്ജിങ് ആരംഭിക്കുമ്പോൾ വള്ളങ്ങൾ അഴിമുഖം കടക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഹാർബർ എക്‌സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു.
െഡ്രജ്ജിങ് തുടങ്ങിക്കഴിഞ്ഞാൽ 15 ദിവസത്തിനകം അഴിമുഖത്തെ മണൽ പൂർണമായും നീക്കംചെയ്യും.
കൂടാതെ മുതലപ്പൊഴി അഴിമുഖം അപകടരഹിതമാക്കാൻ 177 കോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പുതിയ പുലിമുട്ടിന്റെ നിർമാണോദ്ഘാടനം 20-ന് നടക്കുമെന്നും അധികൃതർ പറഞ്ഞു.