തിരുവനന്തപുരത്ത് മഴക്കെടുതിയിൽ ഒരു മരണം. മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി തെങ്ങ് വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വിഴിഞ്ഞം പള്ളിത്തുറ സ്വദേശി ബിബിൻ (29) ആണ് മരിച്ചത്.വെന്റിലേറ്ററിൽ തുടരവെയാണ് ഇന്ന് മരണം സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയായിരുന്നു ബിബിന്റെ ദേഹത്തേക്ക് തെങ്ങ് വീണത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം മൂന്നായി.മഴ കനത്തതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മൺസൂണിന്റെ തുടക്കത്തിൽ ശക്തമായ കാറ്റും മഴയും ആണ് ജില്ലയിൽ അനുഭവപ്പെടുന്നത്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് (റെഡ് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.അതേസമയം, തിരുവനന്തപുരത്ത് മൂന്നിടങ്ങളിൽ ട്രാക്കിൽ മരം വീണ് തടസപ്പെട്ട ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. കഴക്കൂട്ടം , കടയ്ക്കാവൂർ , കൊച്ചുവേളി എന്നിവിടങ്ങളിലാണ് മരം വീണത്.
കഴക്കൂട്ടം , കടയ്ക്കാവൂർ എന്നിവടങ്ങളിൽ തടസം നീക്കി.കൊല്ലം ഭാഗത്തേയ്ക്കുള്ള ഗതാഗതം പുനസ്ഥാപിച്ചു.കൊച്ചുവേളിയിൽ പണി പുരോഗമിക്കുന്നതിനാൽ തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ട്രെയിനുകൾ വൈകി. മലബാർ , മാവേലി , ഇൻ്റർസിറ്റി , ഷാലിമാർ , പരശുറാം , നേത്രാവതി , വേണാട് തുടങ്ങിയ ട്രെയിനുകൾ വൈകിയോടും