*ചരക്കുകപ്പൽ മുങ്ങിയതിനു കാരണം സാങ്കേതിക തകരാറെന്ന് നിഗമനം*

കൊച്ചി: കൊച്ചിയുടെ പുറംകടലിൽ ചരക്ക് കപ്പൽ മുങ്ങിയ സംഭവം ഒറ്റപ്പെട്ടതാണെന്നും സാങ്കേതിക തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും ഡയറക്ടര്‍ ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി ഇന്ന് വിഷയം വിശദമായി ചർച്ച ചെയ്തു. കേരളതീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ നീക്കം ചെയ്യുക എന്നതാണ് പ്രാഥമികകാര്യം. പാരിസ്ഥിതിക പ്രശ്നങ്ങള്‍ മനസിലാക്കിയായിരിക്കും മുങ്ങിയ കപ്പലിൽ നിന്ന് പുറത്തേക്ക് ഒഴുകിയ ഇന്ധനം നീക്കം ചെയ്യുക. ഇതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഏജന്‍സികള്‍ നടത്തുന്നത്. 

മുങ്ങിപ്പോയ എല്ലാ കണ്ടെയ്നറുകളും പുറത്തെടുക്കും. ഒഴുകി നടക്കുന്ന എല്ലാ കണ്ടെയ്നറുകളും തീരത്ത് അടുപ്പിക്കും. സാൽവേജ് കമ്പനിയുടെ നൂറോളം ആളുകള്‍ ഇപ്പോള്‍ പുറം കടലിലുണ്ട്. ഇവര്‍ ഇന്ധനചോര്‍ച്ച തടയുന്നതിനും കണ്ടെയ്നറുകള്‍ വീണ്ടെടുക്കുന്നതിനുമുള്ള ശ്രമം തുടരുകയാണ്. ആകെ 50 കണ്ടെയ്നറുകള്‍ ഇപ്പോള്‍ തീരത്ത് അടിഞ്ഞിട്ടുണ്ട്. അപകടകരമായ വിധത്തിലുള്ള 13 കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 12 എണ്ണം കാത്സ്യം കാർബേഡ് ആണ്. ഈ 13 എണ്ണത്തിൽ അഞ്ചെണ്ണം വെള്ളത്തിൽ വീണിട്ടുണ്ട്. എന്നാൽ ഇവ ഇതുവരെ തീരത്ത് അടുത്തിട്ടില്ല. ഇത് കടലിന്‍റെ അടിത്തട്ടിൽ അടിഞ്ഞിട്ടുണ്ടോയെന്നറിയാൻ സ്കാനിങ് പരിശോധന നടത്തുന്നുണ്ട്. കാത്സ്യം കാർബേഡ് കപ്പലിന്‍റെ ഹള്ളിലാണ് അടുക്കിയത്. അതുകൊണ്ടാണ് അത് കപ്പലിനൊപ്പം മുങ്ങിപ്പോയത്. 13ാമത്തെ കണ്ടെയ്നറിൽ ഉണ്ടായിരുന്നത് റബർ കെമിക്കലാണ്. റേഡിയോ ആക്റ്റീവ് വിഭാഗത്തിലുള്ള കണ്ടെയ്നറുകൾ ഒന്നും കപ്പലിൽ ഉണ്ടായിരുന്നില്ല. ബാലന്‍സ് മാനേജ്മെന്റ് സംവിധാനത്തിലെ പാളിച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

മുങ്ങിയ കപ്പൽ എല്ലാ രാജ്യാന്തര മാനദണ്ഡങ്ങളും അനുസരിച്ച് തന്നെയാണ് പ്രവർത്തിച്ചിരുന്നത്. ജൂലൈ മൂന്നിനുശേഷം മുങ്ങിയ കപ്പൽ ഉയർത്തുന്നതിനുള്ള ശ്രമം തുടങ്ങും. അതിനുമുമ്പായി മുങ്ങിയ കപ്പലിലെ മുഴുവൻ കണ്ടെയ്നറുകളും പുറത്തെടുക്കും. കപ്പൽ 50 അടി താഴ്ചയിലാണ് ഇപ്പോഴുള്ളത്. കാത്സ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നറുകൾ വീണ്ടെടുക്കാൻ ആണ് സ്കാനിങ് അതിവേഗം നടത്തുന്നത്. കപ്പൽ ഉയർത്താൻ കഴിഞ്ഞില്ലെങ്കിൽ പരിസ്ഥിതിക്ക് കോട്ടം ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.