ബിഎന്‍എസ് 75(1)(4), ഐടി ആക്ട് 67, കെപിഎ ആക്ട് 120 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. എഫ്ഐആറിൻ്റെ കോപ്പി പോലും പൊലീസ് നൽകാതെയാണ് അറസ്റ്റ് നടത്തിയതെന്നും രാഷ്ട്രീയ വിരോധമാണ് കേസിന് അടിസ്ഥാനമെന്നും മജിസ്ട്രേറ്റിന് മുന്നിൽ പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. അതേ സമയം, ഷാജൻ സ്കറിയ മുൻകൂർ ജാമ്യം ലംഘിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തെന്ന് പ്രതിഭാഗം പറഞ്ഞു. എന്നാൽ അത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.മാഹി സ്വദേശി നല്‍കിയ അപകീര്‍ത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്തത്. കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡിസംബര്‍ 23 നാണ് താന്‍ എഡിറ്ററായ 'മറുനാടന്‍ മലയാളി' യൂട്യൂബ് ചാനല്‍ വഴി ഷാജന്‍ സ്‌കറിയ പരാതിക്കാസ്പദമായ വീഡിയോ പുറത്തുവിട്ടത്. തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പിന്നീട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഈ പരാതിയിന്മേലാണ് നടപടി.കളവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ സംപ്രേഷണം ചെയ്ത് സമൂഹത്തിന് മുന്നില്‍ മോശം സ്ത്രീയായി ചിത്രീകരിച്ചെന്നും തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. വീഡിയോ സമൂഹത്തിലും ബന്ധുക്കളുടെ ഇടയിലും ജോലി സ്ഥലത്തും തനിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.
അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം ഉയർത്തിയായിരുന്നു ഷാജന്‍ സ്‌കറിയ പൊലീസ് വണ്ടിയിൽ കയറിയത്. പിണറായിസം തുലയട്ടെ, അഴിമതി വീരനാണ് കേരളത്തിലെ മുഖ്യമന്ത്രി. സംസ്ഥാന പൊലീസ് അതിന് ഓശാന പിടിക്കുകയാണെന്നും ഷാജന്‍ സ്‌കറിയ പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ വേണ്ടി കൊണ്ടുപോകുമ്പോഴായിരുന്നു പ്രതികരണം.പിണറായിസം തുലയട്ടെ. അഴിമതിയുടെ വീരന്‍. മകള്‍ക്ക് വേണ്ടി തട്ടിപ്പ് നടത്തുന്ന മുഖ്യമന്ത്രി. അതിന് ഓശാന പിടിക്കുന്ന പൊലീസുകാര്‍. ഈ നാട് മുടിപ്പിക്കും. അവസാന ശ്വാസം വരെ പിണറായിയുടെ വൃത്തികേടിനെതിരെ പോരാടും. എനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസാണ്. ഒരിക്കല്‍പോലും ജയിലില്‍ അടച്ചിട്ടില്ല. ഷര്‍ട്ട് ഇടാന്‍ പോലും അനുവദിച്ചില്ല. ജനാധിപത്യം സംരക്ഷിക്കാന്‍ ഞാന്‍ ജയിലിലേക്ക് പോകുന്നു. സിന്ദാബാദ്. അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിക്കുമ്പോഴാണ് എന്നെ പിടിച്ചുകൊണ്ടുവന്നത്. പിണറായിസം തുലയട്ടെ', ഷാജന്‍ സ്‌കറിയ പറഞ്ഞു.