ഫോണ്‍ കേടായതല്ല, പേടിക്കേണ്ട'; എന്താണ് എയർടെലിന് ഇന്നലെ രാത്രി സംഭവിച്ചത് ?

ഇന്നലെ രാത്രി കേരളത്തിലെയും തമിഴ്‌നാട്ടിലെയും എയർടെൽ ഉപയോക്താക്കൾ ഒന്നടങ്കം ആശങ്കയിലായിരുന്നു. കോളുകൾ ചെയ്യാനും ഇന്റർനെറ്റ് ഉപയോഗിക്കാനും പലർക്കും സാധിച്ചിരുന്നില്ല. ഫേസ്ബുക്കിലും എക്‌സിലും ഇതിനെ തുടർന്ന് പരാതികളും ആശങ്കകളും നിറഞ്ഞിരുന്നു. വൈകുന്നേരം 7:00 മണി മുതലാണ് വ്യാപകമായി എയർടെൽ നെറ്റ്വര്‍ക്കുകള്‍ക്ക് പ്രശ്‌നം നേരിട്ടത്.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം സേവനങ്ങൾ മുടങ്ങിയിരുന്നു. രാത്രി 8:30 ഓടെ, ഡൗൺ ഡിറ്റക്ടർ പോലുള്ള ഔട്ടേജ്-ട്രാക്കിംഗ് പ്ലാറ്റ്ഫോമുകളിൽ 8,400-ലധികം പരാതികൾ ആണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. എയർടെൽ തങ്ങളുടെ നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കിടയിലാണ് ഈ സംഭവം. 2025 മാർച്ചിൽ, 11,000-ത്തിലധികം നെറ്റ്വർക്ക് സൈറ്റുകളുള്ള കേരളത്തിലെ മുൻനിര ടെലികോം ഓപ്പറേറ്ററായി എയർടെൽ മാറിയതായി പ്രഖ്യാപിച്ചിരുന്നു.തുടർന്ന് തങ്ങൾ സാങ്കേതിക പ്രശ്‌നം നേരിടുന്നതായി എയർടെൽ തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. 'താത്കാലിക നെറ്റ്വർക്ക് തടസ്സം മൂലം കേരളത്തിലെയും തമിഴ്നാട്ടിലെയും ചില ഭാഗങ്ങളിൽ ഉപയോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. ഞങ്ങളുടെ ടെക്‌നിക്കൽ ടീം പ്രശ്‌നം തിരിച്ചറിഞ്ഞിട്ടുണ്ട്. സേവനങ്ങൾ പുനഃസ്ഥാപിച്ചുവരികയാണ്.' എന്നായിരുന്നു എയർടെലിന്റെ പ്രതികരണം.കേരളവും തമിഴ്‌നാടുമായി ബന്ധപ്പെട്ട കോർ നെറ്റ്‌വർക്കുകളിൽ എന്തെങ്കിലും പ്രശ്‌നം സംഭവിച്ചതോ, മറ്റ് പ്രശ്‌നങ്ങളോ ആയിരിക്കാം എയർടെൽ സേവനങ്ങൾ മുടങ്ങാൻ കാരണമെന്നാണ് വിവിധ ടെക് വിദഗ്ധർ പറയുന്നത്. അതേസമയം വിഷയത്തിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ഇതുവരെ പ്രതികരിച്ചിട്ടില്ല. ബുധനാഴ്ച രാവിലെയോടെ കൂടുതൽ ആളുകൾക്ക് സേവനങ്ങൾ ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.