വക്കം -കായിക്കര കടവ് പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും

വക്കം -കായിക്കര കടവ് പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും

വക്കം -കായിക്കര കടവ് പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഒ എസ് അംബിക എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. വക്കത്തെ, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കായിക്കരയുമായി ബന്ധിപ്പിക്കുന്ന ഈ പാലം പ്രദേശവാസികളുടെ നിരവധി കാലത്തെ അഭിലാഷമായിരുന്നു .കിഫ്ബി ഫണ്ടിൽ നിന്ന് 21 കോടി 21 ലക്ഷത്തി 32 ആയിരത്തി 770രൂപ അനുവദിച്ചാണ് പാലം നിർമ്മിക്കുന്നത്.അപ്രോച്ച് റോഡ് നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് ഒരുകോടി 28 ലക്ഷത്തി അമ്പത്തിയാറായിരത്തി എഴുന്നൂറ്റി എഴുപത് രൂപയും അനുവദിച്ചിട്ടുണ്ട്.പാലം നിർമാണത്തിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാറുകാരെ നിശ്ചയിക്കുകയും സെലക്ഷൻനോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.സ്ഥലം ഏറ്റെടുക്കലിനുള്ള വില നിശ്ചയിച്ച് എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചു കഴിഞ്ഞു.മൂന്നുവശവും കായലുകളാൽ ചുറ്റപ്പെട്ട വക്കം പ്രദേശത്തെ നിർദിഷ്ട തീരദേശ പാതയിലെ കായിക്കരയുമായി ബന്ധിപ്പിക്കുന്ന ഈ പാലം വലിയ സാധ്യതയാണ് ഈ പ്രദേശത്തിന് തുറന്നു നൽകുക.വക്കത്തിന്റെ കായലോര ടൂറിസം ഭംഗി ആസ്വദിക്കുന്നതിനും,പ്രാദേശിക ടൂറിസം വികസിക്കുന്നതിനും ഇത് സഹായകരമാകും.

വക്കം ഖാദറിന്റെ ജന്മനാടായ വക്കത്തെ മഹാകവി കുമാരനാശാൻറെ ജന്മനാടായ കായ്ക്കരയുമായി ബന്ധിപ്പിക്കുന്നു എന്ന സാംസ്കാരിക -ചരിത്ര പ്രാധാന്യവുംഈ പാലത്തിനുണ്ട്. നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിച്ച് സാധ്യമായ പരമാവധി വേഗതയിൽ പൂർത്തിയാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും എന്ന് എം എൽ എ വാർത്താ കുറിപ്പിൽ അറിയിച്ചു.