സ്വര്‍ണത്തിലും പൂരാവേശം; കൊട്ടിക്കയറി പവന്‍ വില, ഒറ്റയടിക്ക് വർധിച്ചത് രണ്ടായിരത്തിലേറെ രൂപ

സ്വര്‍ണ വിലയിലും തൃശൂർ പൂരത്തിന്റെ ആവേശം. പവൻ വില കൊട്ടിക്കയറി. ഒറ്റയടിക്ക് 2,000 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ഒരു പവന് ഇന്നത്തെ വില 72,200 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 250 രൂപ വര്‍ധിച്ച് 9,025 രൂപയായി.

ശനിയും ഞായറും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെയും ഇന്നും വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു. സ്വര്‍ണവില കൈയിലൊതുങ്ങാതെ കുതിക്കുമെന്ന ഘട്ടത്തില്‍ നിന്ന് കഴിഞ്ഞ ഏപ്രില്‍ 23 മുതൽ ആശ്വാസകരമായ രീതിയില്‍ വില കുറയാന്‍ ആരംഭിച്ചിരുന്നു. ആറു ദിവസത്തോളം സ്വര്‍ണവിലയില്‍ കുറവ് സംഭവിച്ചെങ്കിലും പിന്നെയും നേരിയ വര്‍ധനയുണ്ടായിരുന്നു. അതിനുശേഷം ഒറ്റയടിക്ക് താഴ്ചയുണ്ടാകുകയും ഇപ്പോൾ രണ്ട് ദിവസമായി വീണ്ടും വര്‍ധിക്കുന്ന പ്രവണതയുമാണ് സ്വര്‍ണവിലയിലുള്ളത്.സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയുടെ ചാഞ്ചാട്ടത്തിന്റെ പ്രധാനപ്പെട്ട ഒരു കാരണമായി വിലയിരുത്തപ്പെടുന്നത്.