ആറ്റിങ്ങൽ മാമം നദിയെ സംരക്ഷിക്കണം, സംരക്ഷണ ഭിത്തിയും തടയണകളും നിർമ്മിക്കണമെന്ന് ആവശ്യം

മുടപുരം: കിഴുവിലം പഞ്ചായത്തിലെ ആറ് പാടശേഖരങ്ങളിലെ നെൽക്കൃഷിക്കായി പ്രധാന ജലസ്രോതസായി ഉപയോഗിക്കുന്ന മാമം നദിയിൽ സംരക്ഷണ ഭിത്തിയും തടയണകളും നിർമ്മിച്ച് നദിയെ സംരക്ഷിക്കണമെന്ന് വിവിധ പാടശേഖര സമിതികളും കർഷകരും ആവശ്യപ്പെട്ടു. പഞ്ചായത്തിലെ കിഴുവിലം,വലിയചിറ,വലിയ ഏല,കമുകറക്കോണം,മാമംനട,പമ്മംകോട് എന്നീ നെല്പാടങ്ങളിലെ നെൽക്കൃഷിക്കായി പൂർണമായും ആശ്രയിക്കുന്നത് മാമം നദിയെയാണ്.ഏകദേശം 60 ഹെക്ടർ നെൽപ്പാടത്ത് കർഷകർ വിവിധ പാടശേഖരങ്ങളിലായി കൃഷി ചെയ്യുന്നു.കൂടുതൽ ജലസേചന സൗകര്യം ഒരുക്കിയാൽ കൂടുതൽ വിസ്തൃതിയിൽ കൃഷിയിറക്കാൻ കർഷകർക്ക് കഴിയും.നാഷണൽ ഹൈവേയിലെ മാമം പാലം മുതൽ മാമം നദി കിഴുവിലം പഞ്ചായത്തിലൂടെ ഒഴുകുന്നു. അവിടെനിന്ന് ആട്ടറക്കോണത്തെത്തി രണ്ട് കൈവഴിയായി പിരിയുന്നു.ഒന്ന് ശങ്കരനാരായണപുരം,ശാർക്കര ഇരപ്പുപാലം വഴി കഠിനംകുളം കായലിൽ ചേരുന്നു. മറ്റൊരു കൈവഴി ശങ്കരനാരായണപുരം അണവഴി വാമനപുരം നദിയിൽ വന്നുചേരുന്നു.നല്ല വിളവ് ലഭിക്കാൻ ശാസ്ത്രീയ ജലസേചന സൗകര്യം ആവശ്യമാണ്.ജലസേചന സൗകര്യത്തിന്റെ അപര്യാപ്തത കർഷകരെ കൃഷിയിൽ നിന്ന് അകറ്റാൻ കാരണമാകുന്നു.

പതിറ്റാണ്ടുകൾക്ക് മുൻപ് നദിയിൽ നിർമ്മിച്ചിരുന്ന തടയണകൾ കാലപ്പഴക്കത്താൽ തകർന്ന് നശിച്ച നിലയിലാണ്. അതിനാൽ വെള്ളം തടഞ്ഞു നിറുത്താനോ ആവശ്യത്തിന് നദിയിൽ നിന്ന് ജലസേചന സൗകര്യം ഒരുക്കാനോ കർഷകർക്കാവുന്നില്ല.വ്യാപകമായ കൈയേറ്റവും മണ്ണിടിച്ചിലും നദിയുടെ ഒഴുക്കിനെ തടസപ്പെടുത്തി.മരങ്ങൾ ഒടിഞ്ഞും പഴുതു വീണും നദിയിൽ കിടക്കുന്നതും ഒഴുക്കിന് തടസമാണ്.അതിനാൽ കർഷകർക്ക് നല്ല വിളവ് ലഭിക്കാനും കൃഷി ലാഭകരമാക്കാനും ആധുനിക ജലസേചന സൗകര്യം ഒരുക്കേണ്ടത് അനിവാര്യമാണ്.അതിനുവേണ്ടി കൈയേറ്റം ഒഴിവാക്കാനും മണ്ണിടിച്ചിൽ തടയാനും പലഭാഗത്തും നദിയിൽ സൈഡ്‌വാൾ നിർമ്മിക്കേണ്ടതുണ്ട്.ഒപ്പം ഓരോ നെല്പാടത്തിനും ജലസേചന സൗകര്യം ഒരുക്കാനുതകുന്ന തരത്തിൽ തകരാറിലായ തടയണകൾ ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കണമെന്നും കർഷകർ സർക്കാരിനോട് ആവശ്യപ്പെട്ടു.