കെട്ടിട പെർമി​റ്റിന് കൈക്കൂലി: നഗരസഭാ ഓവർസിയർ പിടിയിൽ

തിരുവനന്തപുരം: കെട്ടിട പെർമിറ്റിന് 5000 രൂപ കൈക്കൂലി വാങ്ങവെ, തിരുവനന്തപുരം കോർപ്പറേഷൻ തിരുവല്ലം സോണൽ ഓഫീസിലെ ഓവർസിയർ വിജിലൻസ് പിടിയിലായി. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായാണ്, തിരുവല്ലം സോണൽ ഓഫീസിലെ ഓവർസിയർ പത്രോസ് പിടിയിലായത്,

പാച്ചല്ലൂർ സ്വദേശിയായിരുന്നു പരാതിക്കാരൻ.പരാതിക്കാരന്റെ വിദേശത്തുള്ള മരുമകൻ പാച്ചല്ലൂർ ഭദ്റാനഗറിൽ നിർമ്മിച്ച അപ്പാർട്ട്‌മെന്റിന് കെട്ടിട നമ്പർ ലഭിക്കുന്നതിന്, കംപ്ലീഷൻ പ്ലാനും മ​റ്റ് രേഖകളും തിരുവല്ലം സോണൽ ഓഫീസിൽ കഴിഞ്ഞ ഡിസംബറിൽ നൽകിയിരുന്നു.

ബിൽഡിംഗ് സെക്ഷൻ ഓവർസിയറായ പത്രോസ്, അസി.എക്സിക്യൂട്ടീവ് എൻജിനിയറുമായി സ്ഥല പരിശോധന നടത്തി. ശേഷം അപ്പാർട്ട്‌മെന്റിന് പുറത്ത് ടോയ‌്‌‌ലെ​റ്റ് പണിയണമെന്ന് നിർദ്ദേശിച്ചു. എന്നാൽ ടോയ‌ല​റ്റ് പണിതശേഷം പരാതിക്കാരൻ ഓവർസിയറെ പലപ്രാവശ്യം ഫോണിൽ അറിയിച്ചിട്ടും പരിശോധനയ്ക്ക് എത്തിയില്ല.

തുടർന്ന് ഇക്കഴിഞ്ഞ 7ന് തിരുവല്ലം സോണൽ ഓഫീസിൽ പോയി ഓവർസിയറെ നേരിൽ കണ്ടതിനെത്തുടർന്ന്, ഓവർസിയർ പരാതിക്കാരനോടൊപ്പം സ്ഥലപരിശോധനയ്ക്ക് എത്തി. കെട്ടിട നിർമ്മാണത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും താൻ കണ്ണടച്ചാൽ മാത്രമെ നമ്പർ ലഭിക്കുകയുള്ളുവെന്നും പറഞ്ഞ ഓവർസിയർ, 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.പരാതിക്കാരൻ ഇന്നലെ ഫോണിൽ വിളിച്ചപ്പോൾ പണവുമായി ഓഫീസിലെത്താൻ നിർദ്ദേശിച്ചു.ഇയാൾ ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു.തുടർന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കെണിയൊരുക്കി. ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് തിരുവല്ലം സോണൽ ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്ന് 5000രൂപ വാങ്ങവേ ഓവർസിയറെ കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.