ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി

ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നടുവട്ടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നീലഗിരി ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു.

ബസുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി ആറ് വരെ മാത്രമായിരിക്കും അനുമതിയുണ്ടാവുക. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് റോഡില്‍ നിയന്ത്രണങ്ങളുണ്ടാവില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാന്‍ മലപ്പുറം, വയനാട് ചെക്ക്‌പോസ്റ്റുകള്‍ക്ക് തമിഴ്‌നാട് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതിതീവ്ര മഴക്കുള്ള സാധ്യതയാണ് ജില്ലയില്‍ പ്രവചിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നീലഗിരി ജില്ലയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.