സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ ജേതാവ് കെ വി റാബിയ വിടവാങ്ങി. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. 59 വയസായിരുന്നു. 2022ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ശരീരത്തോടൊപ്പം മനസും വീണുപോകുന്ന സാഹചര്യങ്ങളില്‍ നിന്നും അതിജീവനത്തിന്റെ അമ്പരിപ്പിക്കുന്ന ജീവിതകഥയാണ് റാബിയയുടേത്.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരക്ക് താഴേക്ക് തളര്‍ന്ന് പോകുന്നത്. തുടര്‍ന്ന് വീല്‍ചെയറിലായിരുന്നു ഇവരുടെ ജീവിതം. തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ വെച്ചാണ് പ്രീഡിഗ്രി പഠനം നടത്തിയിരുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍ത്തിയിരുന്നു. പിന്നീട് സജീവമായി സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ റാബിയ ഇടപെട്ടു. പോളിയോബാധിതയായി അരക്ക് താഴെ തളര്‍ന്നു പോയതിനു പുറമെ കാന്‍സറിനെയും നട്ടെല്ലിനേറ്റ ക്ഷതത്തേയും അതിജീവിച്ചാണ് റാബിയ കഴിഞ്ഞത്.
ശാരീരിക പരിമിതികളെ മറികടന്ന് 1990 ല്‍ കേരള സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് റാബിയ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്നാണ് റാബിയയുടെ ആത്മകഥയുടെ പേര്. 2014ല്‍ സംസ്ഥാന സര്‍ക്കാറിന്റെ ‘വനിതാരത്‌നം’ അവാര്‍ഡ് നേടിയിരുന്നു.
കേരള സര്‍ക്കാരിന്റെ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവര്‍ തന്റെ രീതിയില്‍ തിരൂരങ്ങാടയില്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റാബിയയുടെ സാക്ഷരാ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎന്‍ മികച്ച സാക്ഷരതാ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു.