കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു പിന്നിടുന്നു. തകരാർ എവിടെയാണെന്നു കണ്ടെത്താനോ അതു പരിഹരിക്കാനോ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതാണ് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ആലംകോട് ജംഗ്ഷനിലെ അവസ്ഥ

ആറ്റിങ്ങൽ..ആലംകോട്  പൈപ്പ് കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു പിന്നിടുന്നു. തകരാർ എവിടെയാണെന്നു കണ്ടെത്താനോ അതു പരിഹരിക്കാനോ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുമൂലം ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് ഓരോ ദിവസവും പാഴാകുന്നത്.

പരാതി പറഞ്ഞ് ആളുകൾ മടുത്തു. ആലംകോട്-കിളിമാനൂർ റോഡ് തുടങ്ങുന്ന ഭാഗത്തെ ഓടയിലൂടെയാണ് വെള്ളമൊഴുകുന്നത്. ഇത് കലുങ്കിലൂടെ ഒഴുകി ദേശീയപാതയുടെ മറുവശത്തെത്തി ഏലാത്തോട്ടിലേക്കൊഴുകും.

കിളിമാനൂർ റോഡ് തുടങ്ങുന്ന ഭാഗത്ത് കലുങ്കിനോടു ചേർന്ന് ഒരു പഴയ കാത്തിരിപ്പുകേന്ദ്രമുണ്ട്. ഇതിനടിയിലോ റോഡിലോ ആകാം പൈപ്പ് പൊട്ടിയിട്ടുള്ളതെന്നാണ് അധികൃതരുടെ അനുമാനം. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും എവിടെയാണ് പൈപ്പ് പൊട്ടിയതെന്നു കണ്ടെത്താനോ പരിഹരിക്കാനോ ഉള്ള ശ്രമം ജല അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആളുകൾ പരാതിപ്പെടുമ്പോൾ എൻജിനിയർമാർ സ്ഥലം പരിശോധിച്ചു മടങ്ങും. മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല. ആധുനിക സംവിധാനങ്ങളുപയോഗിച്ച് തകരാർ കണ്ടെത്തി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.