ആറ്റിങ്ങൽ : കുളങ്ങളിലും ജലാശയങ്ങളിലും വയലേലകളിലുമൊക്കെ ഭക്ഷണംതേടി കൊക്കുകൾ കാത്തിരിക്കുന്നതു പതിവുകാഴ്ചയാണ്. എന്നാൽ, ഒരു തട്ടുകടയ്ക്കുമുന്നിൽ ഭക്ഷണത്തിനായി കൊക്ക് കാത്തിരിക്കുന്നു. ആറ്റിങ്ങൽ ഗവ. ബിഎച്ച്എസ്എസിനു സമീപത്തെ തട്ടുകടയ്ക്കു മുന്നിലാണ് ഈ കൗതുകക്കാഴ്ച. വർഷങ്ങളായി ഈ കൊക്ക് ഇവിടത്തെ പതിവുകാരനാണ്. കടയ്ക്കുമുന്നിലുള്ള മരക്കൊമ്പിലാണ് കൊക്ക് വിശ്രമിക്കുന്നത്. രാവിലെമുതൽ വൈകുന്നേരംവരെ മരക്കൊമ്പിലുണ്ടാകും. വിശക്കുമ്പോൾ കടയ്ക്കുമുന്നിലേക്കിറങ്ങിച്ചെല്ലും.
കടയുടമയോ തൊഴിലാളികളോ ഭക്ഷണം കഴിക്കാനെത്തുന്നവരോ ആരെങ്കിലും എന്തെങ്കിലുമൊക്കെ ഇട്ടുകൊടുക്കും. മീനും ഇറച്ചിയുമല്ലാത്തതൊന്നും എടുക്കില്ല. മീനോ ഇറച്ചിയോ കിട്ടിയാൽ അതും കൊത്തിക്കൊണ്ട് മരക്കൊമ്പിലേക്കു പോകും. വീണ്ടും വിശക്കുമ്പോൾ കടയ്ക്കുമുന്നിലെത്തും. ഇതാണ് പതിവ്.
പാകംചെയ്ത ഭക്ഷണത്തോടാണ് പ്രിയം. എന്നുമുതലാണ് കൊക്ക് കടയ്ക്കുമുന്നിലെത്തിയതെന്ന് കടയുടമയ്ക്കും കൃത്യമായ ഓർമ്മയില്ല.
എന്നോ ഒരു ദിവസം കടയുടെ സമീപത്തുകണ്ട കൊക്കിനു ഭക്ഷണപ്പാത്രങ്ങളിലെ അവശിഷ്ടങ്ങൾ എടുത്തിട്ടുകൊടുത്തതാണ്.
പിന്നീട് പതിവായി കടയ്ക്കുമുന്നിലെത്തിത്തുടങ്ങി. ഇപ്പോൾ ഇവിടംവിട്ട് എങ്ങും പോകാറില്ല. ആളുകളെയൊന്നും കൊക്കിനു പേടിയുമില്ല. എത്ര ആളുണ്ടെങ്കിലും കൊക്ക് കടയ്ക്കുമുന്നിൽ ഭക്ഷണത്തിനായി കാത്തിരിക്കും. കടയിലേക്കു വരുന്നവർക്കെല്ലാം ഇപ്പോൾ ഈ കൊക്ക് കൗതുകക്കാഴ്ചയാണ്.