ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ (എൽഒസി) പാകിസ്ഥാൻ സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. 5 ഫീൽഡ് റെജിമെന്റിലെ ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യും വരിച്ചത്. വൈറ്റ് നൈറ്റ് കോർപ്സ് ആണ് വിവരം പുറത്തുവിട്ടത്. അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരോട് കോർപ്സ് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
മെയ് 6 ന് രാത്രി മുതൽ പൂഞ്ച്, താങ്ധർ, മറ്റ് അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം ആരംഭിച്ചു. തീവ്രമായ ഷെല്ലാക്രമണത്തിൽ വീടുകൾക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. നിരവധിയാളുകളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനുശേഷവും ബുധനാഴ്ച പാകിസ്ഥാൻ വെടിനിർത്തൽ ലംഘനങ്ങൾ തുടർന്നു. കൂടുതൽ സാധാരണ പ്രദേശങ്ങൾ ആക്രമിച്ചു.
പഹൽഗാമിലെ ബൈസരനിൽ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമത്തിന് ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ 15–-ാം ദിവസം മറുപടി. പാക് അധീന കശ്‌മീരിലെയും പാകിസ്ഥാനിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങൾ ബുധനാഴ്‌ച പുലർച്ചെ മിന്നൽ വ്യോമാക്രമണത്തിലൂടെ ഇന്ത്യ തകർത്തു.കൊടുംഭീകരൻ മസൂദ് അസറിന്റെ അടുത്ത ബന്ധുക്കളടക്കം എഴുപതിലേറെ ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തിരിച്ചടിക്ക് പിന്നാലെ കശ്‌മീരിലെ നിയന്ത്രണരേഖയിലും അതിർത്തിയിലുമായി പാക് സൈന്യം നടത്തിയ വെടിവയ്‌പ്പിലും ഷെല്ലാക്രമണത്തിലും ജവാൻ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു.