തിരുവനന്തപുരം കഴക്കൂട്ടത്ത് ഹണി ട്രാപ്പ് വഴി ഔഡി കാറും സ്വർണ്ണാഭരണവും മൊബൈലുകളും തട്ടിയെടുത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശി കാർത്തിക്, പേയാട് സ്വദേശി അർഷാദ്, പാലോട് സ്വദേശി ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് കഴക്കൂട്ടം പൊലീസിന്റെ അന്വേഷണത്തിലാണ് ആലപ്പുഴയിൽ നിന്നും കാർത്തിക് പിടിയിലായത്.വെള്ളിയാഴ്ച രാത്രിയാണ് കാട്ടാക്കട മാറനല്ലൂർ രാജ് ഭവനിൽ അനുരാജിന്റെ ഔഡി കാറും പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും തട്ടിയെടുത്തത്. യുവതിയെ ഉപയോഗിച്ച് കഴക്കൂട്ടത്തേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പ് വഴിയായിരുന്നു യുവാവിന്റെ കാറും പണവും സ്വർണവും തട്ടിയെടുത്തത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കാർ തട്ടിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്. രണ്ടാഴ്ച മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയാണ് അനുരാജിനെ കഴക്കൂട്ടത്തേക്ക് വിളിച്ചു വരുത്തിയത്.