സംസ്ഥാനത്ത് തെരുവുനായ ശല്യം അതിരൂക്ഷം; 5 മാസത്തിനിടെ കടിയേറ്റ് ചികിത്സ തേടിയത് ഒന്നരലക്ഷത്തിലധികം പേര്‍

സംസ്ഥാനത്ത് തെരുവുനായ ശല്യം കഴിഞ്ഞവര്‍ഷങ്ങളെക്കാള്‍ അതിരൂക്ഷമെന്ന് കണക്കുകള്‍. 2025ല്‍ ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റു. ഇതില്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് പേവിഷബാധ മൂലം മരിച്ചത്. നായ്ക്കളുടെ വന്ധ്യംകരണ പരിപാടികള്‍ താളം തെറ്റിയതോടെയാണ് ആക്രമണം രൂക്ഷമായത്.കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ 2020- ല്‍ 1,60,483 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പേവിഷബാധയേറ്റ് അക്കൊല്ലം മരിച്ചത് അഞ്ച് പേരാണ്. 2021- ല്‍ 2,21,379 പേരെ തെരുവ് നായ അക്രമിച്ചപ്പോള്‍ പേവിഷബാധയേറ്റ് 11 പേര്‍ക്ക് ജീവന്‍ നഷ്ടമായി.


2022- ല്‍ 2,88,866 പേര്‍ തെരുവ് നായ ആക്രമണത്തിന് ഇരയായി. പത്തുവര്‍ഷത്തിനിടയില്‍ 2022 ലാണ് ഏറ്റവും അധികം പേവിഷബാധയേറ്റ് മരണമുണ്ടായത്. 27 പേരാണ് അക്കൊല്ലം മരിച്ചത്. 2023- ല്‍ 3,06,427 പേരും കഴിഞ്ഞ വര്‍ഷം 3,16,793 പേരെയും നായ ആക്രമിച്ചു. യഥാക്രമം 25- 26 പേര്‍ വീതം കഴിഞ്ഞ രണ്ടു കൊല്ലത്തിനിടയില്‍ പേവിഷബാധയേറ്റ് ജീവന്‍വെടിഞ്ഞു.തെരുവ് നായ്ക്കളുടെ വന്ധ്യംകരണം തദ്ദേശ വകുപ്പ് നേരത്തെ ആവിഷ്‌കരിച്ചതാണെങ്കിലും കോര്‍പ്പറേഷനുകള്‍ കേന്ദ്രീകരിച്ച് പദ്ധതി കാര്യക്ഷമമായി നടക്കാത്തത് തെരുവുനായ ആക്രമണം ഇരട്ടിയാക്കി. നിലവിലെ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തെരുവുനായ ആക്രമണവും പേവിഷബാധ മരണങ്ങളും ആശങ്ക ഉണ്ടാക്കുന്ന തരത്തിലേക്ക് മാറി. അതേസമയം, വാക്‌സിനെതിരായ പ്രചരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.