അക്ഷയ ജീവനക്കാരി ജോലിക്കെത്തിയിട്ട് 4 മാസം മാത്രം; വ്യാജ നീറ്റ് ഹാൾ ടിക്കറ്റിന് പിന്നാലെ പൊലീസ്, കേസെടുത്തു

പത്തനംത്തിട്ട: പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിക്ക് എതിരെ പൊലീസ് കേസ് എടുത്തു. നടപടി പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ പരാതിയിലാണ്. വ്യാജ ഹാൾ ടിക്കറ്റ് നൽകിയ നെയ്യാറ്റിൻകരയിലെ അക്ഷയ കേന്ദ്രത്തിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട പൊലിസ് സ്ഥാപനത്തിൽ ഉടൻ പരിശോധന നടത്തും. ഒരു ജീവനക്കാരിയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തായും സൂചനയുണ്ട്. പൊലീസ് സംശയിക്കുന്ന ജീവനക്കാരി ജോലിക്കെത്തിയിട്ട് നാല് മാസം മാത്രമാണ് ആയിട്ടുള്ളതെന്ന് സ്ഥാപന ഉടമ സത്യദാസ് പറഞ്ഞത്. പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്കൂളിലാണ് വ്യാജ ഹാൾടിക്കറ്റുമായി തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർഥി എത്തിയത്. തുടക്കത്തിലെ പരിശോധനയിൽ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു. ഒരു മണിക്കൂർ പരീക്ഷ എഴുതാൻ അനുവദിച്ചു. ഇതിനിടെ ഹാൾടിക്കറ്റിലെ റോൾ നമ്പറിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്ത ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തി.തുടർന്ന് പത്തനംതിട്ടയിലെ വിദ്യാർത്ഥി പരീക്ഷ എഴുതുന്നത് നിർത്തിവെപ്പിച്ചു. പരീക്ഷാ കേന്ദ്രത്തിന്‍റെ ചുമതലക്കാരൻ ഉടൻ പൊലീസിൽ പരാതി നൽകി. വ്യാജ ഹാൾ ടിക്കറ്റമായി വന്ന വിദ്യാർത്ഥിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, ചോദ്യം ചെയ്യലിൽ നെയ്യാറ്റിൻകരയിലെ അക്ഷയ സെന്‍റർ ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് നൽകിയതെന്ന ഇവർ മൊഴി നൽകിയത്. പാറശാല സ്വദേശിയായ വിദ്യാർത്ഥിയുടെ അമ്മ നെയ്യാറ്റിൻകരയിലെ അക്ഷയ സെൻറർ ജീവനക്കാരിയെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനായി ചുമതലപ്പെടുത്തിയതെന്നാണ് മൊഴിയെന്ന് പത്തനംതിട്ട ഡിവൈഎസ്‍പി ബിനു വര്‍ഗീസ് പറഞ്ഞു. എന്നാൽ, അവർ പരീക്ഷയ്ക്ക് അപേക്ഷിച്ചില്ല. മറന്നു പോയതാകാമെന്നാണ് നിഗമനം. അക്ഷയ സെന്‍റര്‍ ജീവനക്കാരിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കേസിൽ ദുരുഹത നീങ്ങുവെന്ന് ഡിവൈഎസ്‍പി വ്യക്തമാക്കിയിരുന്നു.