വലിയ ഇടയന് വിട; ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന്

വിടവാങ്ങിയ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. കബറടക്ക ചടങ്ങിൽ രാഷ്ട്രപതി ഇന്ത്യയെ പ്രതിനിധീകരിക്കും. നേരത്തെ, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൂടിയാലോചനയിലാണ് ഏറ്റവും ഉന്നതതലത്തിൽ തന്നെ ഇന്ത്യയുടെ പ്രാതിനിധ്യം ഉണ്ടാകണം എന്ന് നിശ്ചയിച്ചത്. മാർപ്പാപ്പയോടുളള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിരുന്നു. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റർ അകലെ, സെന്റ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്കരിക്കും.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് അനുയായികൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 2013 മാർച്ച് 13നാണ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. കത്തോലിക്കാ സഭയുടെ 266–ാമത്തെ മാർപാപ്പയും ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമാണ് അദ്ദേഹം. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഭീകരതയും അഭയാർഥി പ്രശ്നവും മുതൽ ആഗോളതാപനം വരെയുള്ള കാര്യങ്ങളിൽ വ്യക്തമായ നിലപാടുള്ള വ്യക്തിത്വമായിരുന്നു.അഭയാർഥികളോടു മുഖം തിരിക്കാനുള്ള യൂറോപ്പിന്റെ പ്രവണതയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം. ബാലപീഡനത്തിനെതിരെ അതിശക്തമായ നിലപാടെടുത്തു. ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വൈദികർക്കും മെത്രാന്മാർക്കുമെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചു.

സഭാഭരണത്തിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നതിലും ലൈംഗിക ന്യൂനപക്ഷ വിഭാ​ഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതിനും മുൻകൈയെടുത്തു. വധശിക്ഷ ഒഴിവാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ കണ്ട മാര്‍പാപ്പ ഈസ്റ്റര്‍ സന്ദേശത്തിൽ ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടിരുന്നു.