വർക്കല: പുന്നമൂട് മത്സ്യമാർക്കറ്റ് വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തെ നഗരസഭ ബസ് സ്റ്റാൻഡിനുള്ളിലേക്ക് മാറ്റുന്നതിൽ ജനങ്ങളുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധം ശക്തം. മുണ്ടയിൽ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രദേശവാസികൾ വർക്കല നഗരസഭയ്ക്ക് മുന്നിൽ കഴിഞ്ഞദിവസം പ്രതിഷേധിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഡോ.എം.ജയരാജു പ്രതിഷേധം ഉദ്ഘാടനം ചെയ്തു.വർഷങ്ങളായി കാർ പാർക്കിംഗിനായി ഉപയോഗിക്കുന്ന സ്ഥലമാണ് മത്സ്യമാർക്കറ്റിന്റെ താത്കാലിക നടത്തിപ്പിനായി നഗരസഭ പരിഗണിക്കുന്നത്. പുന്നമൂട് മാർക്കറ്റിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലൊരു നീക്കം.മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മസേനയുടെ മെറ്റീരിയൽസ് കളക്ഷൻ ഫെസിലിറ്റിയുടെ പരിസരത്ത് ഷെഡ് കെട്ടി മത്സ്യമാർക്കറ്റ് സ്ഥാപിക്കുന്നതിനുള്ള നഗരസഭയുടെ ആദ്യനീക്കം നാട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു. തുടർന്നാണ് ബസ് സ്റ്റാൻഡിന്റെ കവാടത്തോട് ചേർന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്ത് മത്സ്യമാർക്കറ്റ് സ്ഥാപിക്കാൻ തീരുമാനമായത്.
നിലവിൽ രണ്ട് സ്വകാര്യ ബസുകൾക്ക് കടന്നുപോകാൻ മാത്രമുള്ള ഇടമാണ് നഗരസഭാ ബസ് സ്റ്റാൻഡിന്റെ കവാടത്തിലുള്ളത്. മാർക്കറ്റ് ഇവിടെ സ്ഥാപിക്കുന്നതിലൂടെ ബസ് സ്റ്റാന്റിന്റെ ഇടുങ്ങിയ പ്രവേശന കവാടം അപകടം വിളിച്ചു വരുത്തുംവിധം മാറുമെന്ന് നാട്ടുകാർ പറയുന്നു. ദിവസവും 140ഓളം സ്വകാര്യബസുകൾ വന്നു പോകുന്ന സ്റ്റാൻഡിന് സമീപം മത്സ്യമാർക്കറ്റ് പ്രവർത്തിക്കുന്നത് പ്രായോഗികമല്ലെന്ന് വിവിധ സംഘടനകൾ അഭിപ്രായപ്പെട്ടു.
മതിയായ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളോ മലിനജലം ഒഴുക്കി വിടുന്നതിനുള്ള ക്രമീകരണങ്ങളോ ഷെഡ് നിർമ്മാണത്തിന് അനുബന്ധമായി ഇവിടെ നടത്തിയിട്ടില്ല. സമീപത്തെ വീടിനോട് ചേർന്ന് മലിനജല ശേഖരണത്തിനായി നഗരസഭ കുഴിയെടുത്തിരുന്നു.പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ നിബന്ധനകൾ പാലിക്കാതെ ഇത്തരത്തിലുള്ള പ്രവർത്തനം മൂലം സമീപത്തെ കിണറുകളിൽ മാലിന്യം പടരാൻ സാദ്ധ്യതയുണ്ടെന്നും സമീപത്ത് സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് ചുറ്റും ദുർഗന്ധം വ്യാപിക്കാൻ സാഹചര്യമുണ്ടാകുമെന്നും നാട്ടുകാർ പരാതിപ്പെടുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും ജനാർദ്ദനസ്വാമി ക്ഷേത്രത്തിലേക്കും പാപനാശത്തേക്കും പോകുന്ന ഷോർട്ട് കട്ട് റോഡും ഇതിനോട് ചേർന്നാണ്. മാർക്കറ്റ് കൂടി ഇതിനോട് ചേർന്ന് പ്രവൃത്തിച്ചാൽ തങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. നഗരസഭ മാർക്കറ്റിനായി നോട്ടിഫൈ ചെയ്ത് അക്വെയർ ചെയ്ത സ്ഥലം ധന്യ സൂപ്പർ മാർക്കറ്റിന് സമീപമുണ്ട്. ഈ സ്ഥലം പാർക്കിംഗിന് വേണ്ടി നീക്കിയിട്ടിട്ടുള്ളതാണെങ്കിലും നിലവിൽ കാട് മൂടിക്കിടക്കുന്ന ഈ സ്ഥലം മാർക്കറ്റിനായി പരിഗണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.