ചന്ദ്രഗിരി ട്രെഡ്ജർ മുതലപ്പൊഴി അഴിമുഖ ചാലിലെത്തിച്ചു : മണൽ നീക്കം ഉടനാരംഭിക്കും.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മണൽ നീക്കത്തിനായി കണ്ണൂർ അഴീക്കലിൽ നിന്നെത്തിച്ച ശേഷികൂടിയ ചന്ദ്രഗിരി ഡ്രജർ മുതലപ്പൊഴി അഴിമുഖ ചാലിൽ എത്തിച്ചു.

വെള്ളിയാഴ്ച മുതലപ്പൊഴിയിലെത്തിച്ച് കടലിൽ തുടർന്ന ഡ്രജറിനെ മൂന്ന് ബോട്ടുകളുടെ സഹായത്തോടെയാണ് പൊഴിമുഖത്തേക്ക് കയറ്റിയത്. ഡ്രജർ പൊഴിക്കുള്ളിലേക്ക് കയറ്റുന്നതിനിടെ തൊഴിലാളിക്ക് പരിക്കേറ്റു. വേലിയേറ്റ സമയം കൂടി കണക്കിലെടുത്ത് ഇന്നലെ രാവിലെ പത്തിനൊന്ന് മണിയോടെയാണ് ഡ്രജറിനെ പൊഴിക്കുള്ളിലേക്ക് കയറ്റിയത്.

കായലിൽ നിന്നുള്ള ഒഴുക്ക് ശക്തമായതിനാൽ ഡ്രജർ രണ്ടുദിവസം മുതലപൊഴി കടലിൽ നങ്കൂരമിട്ടിരുന്നു. മൂന്ന് ബോട്ടുകളുടെ സഹായത്തോടെയാണ് കയർ കെട്ടിവലിച്ചാണ് ഡ്രജറിനെ പൊഴിയിലേക്ക് പ്രവേശിപ്പിച്ചത്. കയർ കെട്ടുന്നതിനിടെയുണ്ടായ തിരമാലയിൽപ്പെട്ട് കടലിൽ വീണ് തൊഴിലാളിക്ക് പരിക്കേറ്റു. പെരുമാതുറ സ്വദേശി ഷഹീറിനാണ് പരിക്കേറ്റത്.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. തുറമുഖത്ത് മണലടിഞ്ഞ് മത്സ്യബന്ധനം രണ്ടാഴ്ചയായി തടസ്സപ്പെട്ടിരുന്നു. പൊഴിമുറച്ചാണ് ഡ്രജറിനെ അകത്തേക്ക് പ്രവേശിപ്പിച്ചത്. പൊഴി മുറിച്ചതോടെ താങ്ങുവല വള്ളങ്ങൾ ഉൾപ്പെടെ പൊഴിമുഖം വഴി മത്സ്യബന്ധനത്തിന് പോയി തുടങ്ങി. കട്ടർ സെക്ഷൻ ഡ്രജറായ ചന്ദ്രഗിരിക്ക് മണൽ, ചരൽ, ചെറിയ പാറ കഷ്ണങ്ങൾ അടക്കം നീക്കം ചെയ്യാനാകും. കൂടാതേ 10 മീറ്റർ വരെ ആഴത്തിലും മണിക്കൂറിൽ 400 ക്യൂബിക് മീറ്റർ മണൽ ചന്ദ്രഗിരിക്ക് നീക്കം ചെയ്യാൻ കഴിയും. ഡ്രജറിന്റെ മണൽ നീക്കം ആരംഭിക്കണമെങ്കിൽ ക്രെയിൻ ഉപയോഗിച്ച് സോയിൽ പൈപ്പുകൾ യോജിപ്പിക്കേണ്ട പ്രവർത്തികളാണ് പ്രധാനമായും ഇനി പൂർത്തിയാക്കേണ്ടത്. ഇതിന് കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വേണ്ടിവരും എന്നാണ് അധികൃതർ നൽകുന്ന വിവരം. ഡ്രജർ പ്രവർത്തനക്ഷമമായാൽ രണ്ട് ഷിഫ്റ്റുകളിലായി മുഴുവൻ സമയവും വിനിയോഗിച്ച് മണൽ നീക്കം ചെയ്യും. കുഴിച്ചെടുക്കുന്ന മണൽ തീരശോഷണമുള്ള താഴമ്പള്ളി ഭാഗത്ത് നിക്ഷേപിക്കും. നിലവിൽ മുതലപ്പൊഴിയിലുള്ള മിനി ഡ്രജർ ഉപയോഗിച്ചും മണൽ നീക്കം തുടരും. മത്സ്യബന്ധനത്തിന് തടസ്സമില്ലാതെ മണൽ നീക്കം നടത്താണ് തീരുമാനം