ആറ്റിങ്ങൽ: സ്ഥലപരിമിതികളിൽ വീർപ്പുമുട്ടുന്ന ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് മാമത്തേക്ക് മാറ്റാൻ ഇതുവരെ നടപടിയായില്ല. നഗരഹൃദയത്തിൽ നിന്ന് മാറ്റുമെന്ന് വർഷങ്ങളായി നഗരസഭാധികൃതർ പറഞ്ഞിരുന്നെങ്കിലും വാക്ക് പാഴ്വാക്കാകുകയായിരുന്നു. ആറ്റിങ്ങലിൽ ദേശീയപാതയ്ക്കും പാലസ് റോഡിനുമിടയ്ക്കുള്ള നഗരസഭാ ഭൂമിയിൽ 1957ലാണ് പ്രൈവറ്റ് ബസുകൾക്കായി മുനിസിപ്പൽ ബസ് സ്റ്റാൻഡ് ആരംഭിച്ചത്. നിലവിൽ ഇരുന്നൂറോളം ബസുകൾ നിത്യവും സ്റ്റാൻഡിലെത്തുന്നുണ്ട്. ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങിയകാലത്ത് നിർമ്മിച്ച കാത്തിരിപ്പുകേന്ദ്രമാണ് ഇപ്പോഴും ഇവിടെയുള്ളത്. ഇതിൽ അഞ്ച് വർഷം മുമ്പ് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും കെട്ടിടമിന്ന് നാശത്തിന്റെ വക്കിലാണ്. സ്റ്റാൻഡിൽ ബസ് കയറുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയ നടപടികാരണം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സദാ വാഹനത്തിരക്കാണ്. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ തിരക്ക് കൂടിയതോടെ 25 വർഷം മുമ്പ് മാമം കാളച്ചന്ത പ്രവർത്തിക്കുന്ന ഭൂമിയിലേക്ക് ബസ് സ്റ്റാൻഡ് മാറ്റാൻ അധികൃതർ ശ്രമം നടത്തി. 2000ൽ മാമത്തെ ഭൂമിയിൽ ബോർഡ് സ്ഥാപിക്കുകയും ബസ് സ്റ്റാൻഡ് മാറ്റം നടപ്പാക്കാൻ ശ്രമം തുടങ്ങുകയും ചെയ്തു. എന്നാൽ ബസുകളുടെ സമയക്രമം, ഫെയർസ്റ്റേജ് എന്നിവയുൾപ്പെടെയുള്ള നിയമപരമായ പ്രക്രിയകൾ പൂർത്തിയാകാത്തതിനാൽ അത് ഉപേക്ഷിച്ചു. 2005ൽ വക്കം പുരുഷോത്തമൻ എം.എൽ.എ ബസ് സ്റ്റാൻഡ് പ്രവർത്തിപ്പിക്കാനുള്ള കെട്ടിടം നിർമ്മിക്കാനായി പ്രാദേശിക വികസനഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു. അതുപയോഗിച്ച് മാമത്തെ ഭൂമിയിൽ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇതിനിടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിയമതടസങ്ങളുണ്ടാവുകയും വിഷയം കോടതിയുടെ പരിഗണനയിലെത്തുകയും ചെയ്തതോടെ സ്റ്റാൻഡ് മാറ്റം അനിശ്ചിതത്വത്തിലാവുകയായിരുന്നു.
നിലവിൽ ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്ന സ്ഥലത്തുതന്നെ ആധുനിക രീതിയിലുള്ള സ്റ്റാൻഡ് നിർമ്മിക്കാനുള്ള പദ്ധതി ഇടയ്ക്ക് ചർച്ച ചെയ്തിരുന്നു. സ്റ്റാൻഡിനുള്ളിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കി ഭൂമിക്കടിയിൽ പാർക്കിംഗ് സൗകര്യവും റോഡ് നിരപ്പിൽ ബസ് സ്റ്റാൻഡും അതിനുമുകളിൽ ഷോപ്പിംഗ് കോംപ്ലക്സും അടങ്ങുന്ന വമ്പൻ പദ്ധതിയാണ് ആലോചിച്ചത്. നടപ്പായാൽ നഗരസഭയ്ക്ക് വർഷാവർഷം കോടികൾ വരുമാനം ലഭിക്കുമായിരുന്ന പദ്ധതിയായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച ആലോചനകളും പഠനങ്ങളും സാമ്പത്തികപ്രശ്നത്തിന് മുന്നിൽ നിലച്ചു.
സ്റ്റാൻഡിന്റെ വിസ്തൃതി 2239.74 ചതുരശ്ര മീറ്റർ
മാമത്തെ നിർദ്ദിഷ്ട ബസ് സ്റ്റാൻഡിന് മുൻവശം മുതൽ നാളികേര കോംപ്ലക്സ് വരെയുള്ള ഭാഗം ഏറ്റെടുത്ത് സ്വകാര്യ ബസുകൾ പാർക്ക് ചെയ്യാൻ നടപടി ഉണ്ടാകണം
ബസുകൾ നിലവിലെ സ്റ്റാൻഡിലെത്തി യാത്രക്കാരെ കയറ്റി യാത്ര തുടരണം, റോഡരികിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ ഇതുവഴി കഴിയും