തീരദേശത്ത് കഴുത്തറുപ്പൻ കൊള്ളപ്പലിശയുമായി ബ്ളേഡ് മാഫിയകൾ സജീവമെന്ന് ആക്ഷേപം.

ശംഖുംമുഖം: തീരദേശത്ത് കഴുത്തറുപ്പൻ കൊള്ളപ്പലിശയുമായി ബ്ളേഡ് മാഫിയകൾ സജീവമെന്ന് ആക്ഷേപം.സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് ദിവസപ്പലിശയ്ക്ക് പണം നൽകിയാണ് മാഫിയ സജീവമായിരിക്കുന്നത്. മാസപ്പലിശയ്ക്കും പണം നൽകുന്നുണ്ട്.

അടവ് മുടങ്ങുന്ന സാധാരണക്കാരെ ഗുണ്ടകളെ വച്ച് ഭീഷണിപ്പെടുത്തുന്നതായും,ഇവരിൽ നിന്ന് കൂടുതൽ രേഖകൾ എഴുതിവാങ്ങി സ്വത്തുവകൾ തട്ടിയെടുക്കുന്നതായും പരാതിയുണ്ട്. എന്നാൽ അഭിമാനം ഓർത്ത് പലരും പൊലീസിൽ പരാതി നൽകാറില്ല.

ബ്ളേഡ് മാഫിയ സംഘത്തെ അമർച്ച ചെയ്യാൻ മുൻപ് സർക്കാർ ഓപ്പറേഷൻ കുബേര പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇതിന്റെ ഭാഗമായി രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ പരിശോധനയിൽ തീരദേശത്തെ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലായി 500ലധികം കൊള്ളപ്പലിശക്കാരുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പൊലീസിന് കൈമാറിയിരുന്നെങ്കിലും ഒരു ചെറുനടപടി പോലും എടുക്കാൻ പൊലീസിന് ഇപ്പോഴും കഴിയുന്നില്ല.

ഇത്തരം സംഘങ്ങൾക്കെതിരെ കർശനമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

9000 രൂപ രാവിലെ കൊടുത്താൽ വൈകിട്ട് 10,000മായി തിരികെ വാങ്ങുന്ന മീറ്റർ പലിശക്കാരാണ് കൂടുതലായി ഉള്ളത്.ഒരു ദിവസത്തെ പലിശ നൽകാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസം 100 രൂപ കൂടി പലിശ ചേർത്ത് നൽകണം.