സ്‌ത്രീധന പീഡനം: യുവതിയെ പട്ടിണിക്കിട്ടുകൊന്ന ഭർത്താവും അമ്മയും കുറ്റക്കാർ

കൊല്ലം : സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരെന്ന് കോടതി വിധിച്ചു. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ, അമ്മ ലാലി എന്നിവരെയാണ്‌ കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജ് എസ് സുഭാഷ് കുറ്റക്കാരെന്ന്‌ കണ്ടെത്തിയത്‌. ശിക്ഷ തിങ്കളാഴ്ച വിധിക്കും. വിവാഹം കഴിഞ്ഞ് അഞ്ചര വർഷത്തിനുശേഷമാണ്‌ തുഷാരയെന്ന ഇരുപത്തെട്ടുകാരിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്‌. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്തരം കേസിൽ പ്രതികളെ കുറ്റക്കാരെന്ന്‌ കണ്ടെത്തുന്നത്‌. ഐപിസി 302, 304 ബി , 344, 34 എന്നി വകുപ്പുകളാണ്‌ പ്രതികൾക്കെതിരെയുള്ളത്‌.

വിവാഹം 2013ൽ ആയിരുന്നു. സ്ത്രീധനത്തിൽ കുറവുവന്ന രണ്ടുലക്ഷം മൂന്നുമാസത്തിനുള്ളിൽ നൽകണമെന്ന് കാണിച്ച് പ്രതികൾ തുഷാരയുമായി രേഖാമൂലം കരാർ ഉണ്ടാക്കിയിരുന്നു. മൂന്നുമാസം കഴിഞ്ഞതുമുതൽ തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസ്സികമായും പീഡിപ്പിക്കാൻ തുടങ്ങി. തുഷാരയെ അവരുടെ കുടുംബവുമായി സഹകരിക്കാനോ കാണാനോ സമ്മതിച്ചില്ല. ഇതിനിടെ ഇവർക്ക്‌ 2 പെൺകുട്ടികൾ ജനിച്ചു. കുട്ടികളെ കാണാൻ തുഷാരയുടെ വീട്ടുകാരെ അനുവദിച്ചില്ല.

2019 മാർച്ച് 21ന് രാത്രി തുഷാര മരിച്ചതായി അച്ഛനെ ഓട്ടോഡ്രൈവർ അറിയിക്കുകയായിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിൽവച്ചാണ്‌ മൃതശരീരം കണ്ടത്‌. പോസ്റ്റ് മോർട്ടത്തിലാണ് അപൂർവവും ക്രൂരവുമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതശരീരത്തിന്റെ ഭാരം 21 കിലോ മാത്രമായിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നു. തൊലി എല്ലിനോട് ചേർന്ന് മാംസം ഇല്ലാത്ത നിലയിലായിരുന്നു. വയർ ഒട്ടി വാരിയല്ല് നട്ടെല്ലിനോട് ചേർന്നിരുന്നു.

ശാസ്ത്രീയതെളിവുകൾക്ക് ഉപരിയായി അയൽക്കാരുടെയും തുഷാരയുടെ മകളുടെ അധ്യാപികയുടെയും മൊഴികൾ കേസിൽ നിർണായകമായി. കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട്‌ അവർ കിടപ്പുരോഗിയാണെന്നു പറഞ്ഞു. അമ്മയുടെ പേര് തുഷാര എന്നതിനു പകരം രണ്ടാംപ്രതിയുടെ പേരാണ്‌ നൽകിയത്‌. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ ബി മഹേന്ദ്ര ഹാജരായി.