വെമ്പായം : തീപിടിച്ചുതകർന്ന വെമ്പായം പഞ്ചായത്ത് ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ.
നാല് ഇരുമ്പുതൂണുകൾ ഉപയോഗിച്ചാണ് പൊളിഞ്ഞുവീഴാറായ കെട്ടിടത്തിനെ ഇപ്പോൾ താങ്ങിനിർത്തുന്നത്. തൂണുകൾക്ക് ചലനം സംഭവിക്കുകയോ പാതിപൊളിഞ്ഞ കെട്ടിടത്തിന്റെ ഏതെങ്കിലും ഒരുഭാഗം അടർന്നുവീഴുകയോ ചെയ്താൽ കെട്ടിടം പൂർണമായും പൊളിഞ്ഞുവീഴുമെന്ന അവസ്ഥയാണ്. ഇത് വലിയ അപകടത്തിന് കാരണമാകും.
എട്ടുമാസങ്ങൾക്കു മുമ്പ് തീപിടിച്ച കെട്ടിടത്തെ ഫൊറൻസിക് റിപ്പോർട്ട് വന്നതിനുശേഷംമാത്രമേ പൊളിക്കാവൂ എന്നാണ് ജില്ലാപ്പഞ്ചായത്ത് എക്സിക്യുട്ടീവ് എൻജിനിയറുടെ നിർദേശം. ഫൊറൻസിക് റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ല. പഞ്ചായത്ത് ഓഫീസിനും വെമ്പായം പഞ്ചായത്ത് ആശുപത്രിക്കും ചേർന്നാണ് തീപിടിച്ച കെട്ടിടം സ്ഥിതിചെയ്യുന്നത്.
ദിവസേന നിരവധി ആളുകൾ ഇരു സ്ഥാപനങ്ങളിലേക്കും എത്താറുണ്ട്. കൂടാതെ തകർന്നുവീഴാറായ കെട്ടിടത്തിന്റെ സമീപത്തു കൂടിയാണ് കാന്റീനിലേക്ക് പോകുന്ന വഴി.
ഓഫീസ് സമയങ്ങളിൽ കെട്ടിടം നിലംപതിക്കുകയാണെങ്കിൽ വൻ അപകടം ഉണ്ടാകുമെന്നും എത്രയും പെട്ടെന്ന് കെട്ടിടം പൊളിച്ചുമാറ്റണമെന്നും പ്രതിപക്ഷ പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെടുന്നു.
കെട്ടിടം കത്തിയതുപോലെതന്നെ അന്വേഷണം എങ്ങുമെത്താത്തതിലും ദുരൂഹതയുണ്ട്. ഷോർട്ട് സർക്യൂട്ട് കാരണമല്ല തീപ്പിടിത്തം ഉണ്ടായതെന്ന് തെളിഞ്ഞതാണ്.
എന്നിട്ടും പ്രദേശത്തെ സിസിടിവി ക്യാമറപോലും നിരീക്ഷിക്കാൻ പോലീസ് തയ്യാറാവുന്നില്ല. ബിജെപി അംഗങ്ങളുടെ നേതൃത്വത്തിൽ വീണ്ടും സമരപരിപാടികൾ നടത്തും.
ഓഗസ്റ്റ് 28-ന് വെളുപ്പിന് മൂന്നുമണിയോടെയാണ് വെമ്പായം പഞ്ചായത്ത് ഓഫീസിനോടു ചേർന്നുള്ള അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയം തീകത്തി നശിച്ചത്.
നിരവധി ഫയലുകളും കംപ്യൂട്ടർ ഉൾപ്പെടെ ഓഫീസിൽ ഉണ്ടായിരുന്ന മുഴുവൻ സാധനങ്ങളും കത്തിനശിച്ചിരുന്നു. മണ്ണുമാഫിയയെ സഹായിക്കുവാൻ ഭരണപക്ഷം മനഃപൂർവം തീയിട്ടതാണെന്നാണ് എൽഡിഎഫും ബിജെപിയും ആരോപിക്കുന്നത്.എന്നാൽ, സംഭവം കഴിഞ്ഞ് എട്ടുമാസത്തോളമായിട്ടും തീപ്പിടിത്തം ഉണ്ടായത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. അന്വേഷണം പൂർത്തിയാക്കിയാൽമാത്രമേ അപകടനിലയിലുള്ള കെട്ടിടം പൊളിക്കുവാൻ സാധിക്കുകയുള്ളൂ.