തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്കുള്ള വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി എയർ ഇന്ത്യ; യാത്രക്കാരുടെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ട എയർഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന പരാതിയുമായി യാത്രക്കാ‍ർ. ഇന്ന് 7.15 ന് പുറപ്പെടേണ്ട AI2455 എന്ന വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. വിമാനം റദ്ദാക്കാനുള്ള കാരണം എയർ ഇന്ത്യ വിശദീകരിച്ചില്ലെന്നും യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കിയില്ലെന്നുമായിരുന്നു പരാതി. യാത്രക്കാരുടെ ബോർഡിംഗ് അടക്കം പൂർത്തിയായതിന് ശേഷമാണ് വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിച്ചത്. യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെ നാളെ പകരം വിമാനം ഏർപ്പെടുത്താമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. നാളെ വൈകിട്ട് 3 മണിക്ക് പകരം സർവീസ് നടത്തും. യാത്രക്കാരെ ഹോട്ടലിലേയ്ക്ക് മാറ്റി.