ചിറയിൻകീഴ് : സമൂഹവിരുദ്ധരുടേയും മോഷ്ടാക്കളുേടയും ശല്യത്തിൽ പൊറുതിമുട്ടുകയാണ് പുരവൂർ പ്രദേശം. കിഴുവിലം പഞ്ചായത്തിലെ ഒന്നാം വാർഡായ പുരവൂരിലെ വെളിയിടങ്ങൾ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളതു തള്ളാനുള്ള ഇടമായി മാറി. പോരാത്തതിനു മോഷ്ടാക്കളുടെ ശല്യവും.
പകൽ സമയത്താണു ഇവിടെ മോഷണം. സ്‌കൂൾ വിദ്യാർഥികളേയും പൊതുജനത്തിനെയും വാഹനയാത്രക്കാരേയും ബുദ്ധിമുട്ടിലാക്കി മാസംേതാറുമാണ് റോഡിനു സമീപമുള്ള ഒഴിഞ്ഞ പുരയിടങ്ങളിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നത്. ആറുമാസത്തിനിടയിൽ ആറുതവണയാണ് ഇവിടെ കക്കൂസ് മാലിന്യം ഒഴുക്കിയത്.
നിരവധിതവണ ഹോട്ടൽ വേസ്റ്റും പ്ലാസ്റ്റിക് വേസ്റ്റുകളും ചാക്കുകണക്കിനു കൊണ്ടുവന്ന് പാതയോരങ്ങളിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞു കടന്നുകളയുന്നു. രാത്രിയിലാണ് സമൂഹവിരുദ്ധരുടെ ഈ അക്രമം.
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറച്ചാണ് ഇവർ എത്താറുള്ളത്. സ്‌കൂളിലേക്കുള്ള വഴിയോരത്തെ മാലിന്യം കൊണ്ടിടുന്നതിനെതിരേ പഞ്ചായത്തിൽ പരാതി പറഞ്ഞിട്ടും ഫലമില്ല. പഞ്ചായത്ത് ആരോഗ്യ സ്‌ക്വാഡോ ആരോഗ്യ പ്രവർത്തകരോ ഇതു സംബന്ധിച്ച് അന്വേഷിക്കാൻപോലും തയ്യാറാകുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു.
പാതയോരങ്ങളിൽ മാലിന്യം നിറയുന്നതോടെ തെരുവുനായശല്യവും കൂടിവരുന്നു. സ്‌കൂൾ, അങ്കണവാടി എന്നിവയുടെ മുന്നിൽ തെരുവു നായകളുടെ വിഹാരകേന്ദ്രമാണ്. ഇത് വിദ്യാർഥികളേയും രക്ഷിതാക്കളേയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തുകയാണ്.
ഇതിനൊക്കെ പുറമെയാണ് പ്രദേശത്തു വ്യാപിച്ചുവരുന്ന പകൽ മോഷണം. ആളൊഴിഞ്ഞ പുരയിടത്തിലെ ഗേറ്റ്, താമസക്കാരുള്ളതും അല്ലാത്തതുമായ വീടുകളിലെ പമ്പ് സെറ്റുകൾ, മറ്റ് വിലകൂടിയ വൈദ്യുത വിളക്കുകൾ, സൈക്കിൾ തുടങ്ങിയവ പകൽസമയത്ത് കയറി മോഷ്ടിച്ചുകൊണ്ടുപോവുകയാണ്. മോഷ്ടാക്കളെയും വാഹനത്തേയും സംബന്ധിച്ച് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ഉൾപ്പെടെ നൽകി പോലീസിൽ പരാതി നൽകിയിട്ടും പ്രാഥമിക അന്വേഷണം പോലും നടത്താൻ പോലീസ് തയ്യാറായില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
പുരവൂരിലെ ഒഴിഞ്ഞ പുരയിടങ്ങളിലെ മാലിന്യനിക്ഷേപവും പ്രദേശത്തെ പകൽ മോഷണത്തെ സംബന്ധിച്ചും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. അതുകൊണ്ടുതന്നെ സമൂഹവിരുദ്ധശല്യം ആവർത്തിക്കപ്പെടുന്നു.