ആറ്റിങ്ങൽ : ദേശീയപാത 66-ന്റെ ഭാഗമായ ആറ്റിങ്ങൽ ബൈപ്പാസിന്റെ നിർമാണം എട്ടുമാസം കൊണ്ട് പൂർത്തിയാക്കാനാകുമെന്ന് കരാറുകാർ. കാലാവസ്ഥ പ്രതികൂലമായാൽ വൈകുമെന്ന ആശങ്കയും കമ്പനി അധികൃതർ പങ്കുവെക്കുന്നുണ്ട്. കാലവർഷമെത്തുന്നതിനു മുൻപ് മണ്ണിടിച്ച് നികത്തുന്നത് പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആർകെസി കമ്പനിക്കാണ് റോഡിന്റെ നിർമാണച്ചുമതല.
ബൈപ്പാസിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ വെള്ളിയാഴ്ച കമ്പനിയുടെ മാമത്തെ ഓഫീസിലെത്തിയ അടൂർ പ്രകാശ് എംപിയോടാണ് അധികൃതർ വിശദീകരിച്ചത്.പ്രവർത്തനങ്ങൾ പരിശോധിക്കാനും നാട്ടുകാരുടെ ആശങ്കകൾ നിർമാണച്ചുമതലയുള്ളവരുമായി പങ്കുവെക്കാനുമാണ് എംപി കമ്പനിയുടെ ഓഫീസും റോഡും സന്ദർശിച്ചത്. ദേശീയപാതയിൽ കല്ലമ്പലത്തിനു സമീപം ആഴാംകോണത്തുനിന്നു തുടങ്ങി മാമംവരെയുള്ള 11.150 കിലോമീറ്ററിലാണ് ബൈപ്പാസ് നിർമിക്കുന്നത്. 2022 ജൂലായ് മാസത്തിലാണ് നിർമാണം തുടങ്ങിയത്.
ആദ്യം കരാറേറ്റെടുത്തിരുന്ന കമ്പനി യഥാസമയം പണികൾ നടത്താതെ വന്നതിനെത്തുടർന്ന് പുതിയ കമ്പനിക്ക് കരാർ നൽകുകയായിരുന്നു. റോഡിന്റെ 55 ശതമാനം പൂർത്തിയായതാണ് വിലയിരുത്തൽ.
സർവീസ് റോഡുകളുടെ നിർമാണം 90 ശതമാനവും പൂർത്തിയായതായി കമ്പനി അവകാശപ്പെടുന്നു. കമ്പനി അധികൃതരും എംപിയും നിർമാണം നടക്കുന്ന മേഖല സന്ദർശിച്ചു. രാമച്ചംവിളയിലെ മേൽപ്പാലം, കൊല്ലമ്പുഴ ക്ഷേത്രത്തിനു മുന്നിലുള്ള അടിപ്പാത എന്നിവയുടെ പണികൾ വേഗത്തിലാക്കണമെന്ന് എംപി കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാലങ്ങൾ പൂർത്തിയായിട്ടില്ല. തോട്ടവാരത്ത് വാമനപുരം ആറിന് കുറുകേ നിർമിക്കുന്ന പാലത്തിന്റെ തൂണുകൾ നിർമിച്ച് ബീമുകൾ കയറ്റിവെച്ചെങ്കിലും മുന്നോട്ടുപോയില്ല. മാമത്ത് തോടിനു കുറുകേ പുതിയ പാലം നിർമിക്കാനുള്ള നടപടി തുടങ്ങിയിട്ടേയുള്ളൂ.
മഴക്കാലമാകുന്നതോടെ നീരൊഴുക്ക് ശക്തമാവുകയും നിർമാണം നിർത്തിവെക്കേണ്ടിവരുമെന്ന ആശങ്കയുമുണ്ട്. രാമച്ചംവിളയിൽ റോഡ് കുഴിച്ചിട്ടിട്ട് വർഷങ്ങളായി. സർവീസ് റോഡിനായുള്ള പാലമാണ് ഇവിടെ നിർമിക്കേണ്ടത്.
ഇതിലും നടപടിയില്ല. തോന്നയ്ക്കൽ എജെ കോളേജിലേക്ക് പുതിയ പാതയിൽനിന്ന് അടിപ്പാതവേണമെന്ന് കോളേജധികൃതരും നാട്ടുകാരും ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയം ദേശീയപാതവികസന അതോറിറ്റിയുമായി ചർച്ചചെയ്യുമെന്ന് എംപി അറിയിച്ചു. നിലവിലുള്ള രൂപരേഖയിൽ മാറ്റംവരുത്തി അടിപ്പാത നിർമിക്കുന്നത് സാധ്യമാണോയെന്നാണ് പരിശോധിക്കുക. പൂർത്തിയായത് 55 ശതമാനം