കൂട്ടക്കൊലപാതക കേസിലെ പ്രതി അഹാന്റെ കുടുംബത്തിന് 48ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്ന് പോലീസ് കണ്ടെത്തി.
കൂട്ടക്കൊലയ്ക്ക് കാരണം കടബാധ്യതയും സമ്മർദ്ദവുമാണെന്ന് പോലീസ് വ്യക്തമാക്കി. കേസില്‍ അന്വേഷണം പൂർത്തിയായി. ഇതോടെ അടുത്തമാസം ആദ്യം പോലീസ് കുറ്റപത്രം സമർപ്പിക്കും.
നേരത്തെ കടബാധ്യതയാണ് കൊലയ്ക്ക് കാരണമെന്ന് അഹാന്റെ വാദം പിതാവ് റഹീം നിഷേധിച്ചിരുന്നു. എന്നാല്‍, കടബാധ്യതയും കടംവാങ്ങിയവർ തിരികെ പണം ചോദിച്ചതിലുമുള്ള സമ്മർദ്ദവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പതിനഞ്ച് പേരില്‍ നിന്നായാണ് കുടുംബം പണം വാങ്ങിയതെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. ബന്ധുക്കളില്‍ നിന്ന് 16 ലക്ഷം രൂപയും 17 ലക്ഷം രൂപയുടെ ഭവനവായ്പയും മൂന്ന് ലക്ഷം രൂപയുടെ പേഴ്‌സണല്‍ ലോണും ഒന്നരലക്ഷത്തിന്റെ ബൈക്ക് ലോണും പത്ത് ലക്ഷത്തിന്റെ പണയവുമായിരുന്നു കുടുംബത്തിന്റെ കടം.
സംഭവദിവസം 50,000രൂപ തിരികെ നല്‍കണമായിരുന്നു. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ പോയപ്പോള്‍ അധിക്ഷേപം നേരിട്ടു. ഇത് മകന് സഹിച്ചില്ലെന്നാണ് ഷെമീന മൊഴി നല്‍കിയത്. അഫാൻ ഏകപ്രതിയായ കേസില്‍ ഷെമീനയെ മുഖ്യസാക്ഷിയാക്കും.