റഫാൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഫ്രാൻസും; 26 യുദ്ധവിമാനങ്ങൾ വാങ്ങും

നാവിക സേനയ്ക്ക്‌ 26 മറൈൻ പോർവിമാനങ്ങൾ വാങ്ങാനുള്ള റഫാൽ കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പിട്ടു. ഫ്രാൻസുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. 26 റഫാൽ മറൈൻ ജെറ്റുകൾ, ലോജിസ്റ്റിക് പിന്തുണ, ആയുധങ്ങൾ, പരിശീലന സിമുലേറ്ററുകൾ എന്നിവ ഉൾപ്പെടുന്നതാണ് കരാർ. 2016ല്‍ വ്യോമ സേനയ്ക്കായി 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയിരുന്നു. 63,000 കോടി രൂപയുടെതാണ് ഏറ്റവും പുതിയ കരാർ. ഇതോടെ ഇന്ത്യയുടെ റഫാല്‍ ശേഖരം 62 ആയി വർദ്ധിക്കും. ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനാണ് റഫാൽ വിമാനങ്ങൾ നിർമിക്കുന്നത്.
2016 സെപ്റ്റംബറിൽ ഒപ്പുവെച്ച 59,000 കോടി രൂപയുടെ കരാറിൽ ഉൾപ്പെട്ട 36 റാഫേൽ വിമാനങ്ങളുടെ സ്പെയർ പാർട്സുകളും ഉപകരണങ്ങളും ഈ ഇടപാടിൽ ഉണ്ടാകും. 37 മാസത്തിനുള്ളിൽ ആദ്യ റഫാൽ കൈമാറും. 6 വർഷത്തിനുള്ളിൽ മുഴുവൻ വിമാനങ്ങളും ലഭ്യമാക്കും.