തിരുവനന്തപുരം കാട്ടാക്കടയില്‍ 15 വയസുകാരന്‍ ആദിശേഖറിനെ കാറിടിച്ച് കൊന്ന കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനാണ് കേസിലെ പ്രതി. തിരുവനന്തപുരം വഞ്ചിയൂര്‍ ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
2023 ആഗസ്റ്റ് 30ന് ആദിശേഖറിനെ പ്രതി കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് ഇയാള്‍ കൊലപ്പെടുത്തിയത് എന്നാണ് കേസ്.
കുട്ടി സൈക്കിളില്‍ കയറാനൊരുങ്ങവെ കാര്‍ പിന്നിലൂടെ വന്ന് ഇടിച്ചിടുകയും ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. എന്നാല്‍ കാര്‍ അബദ്ധത്തില്‍ മുന്നോട്ടുനീങ്ങി ഇടിച്ചതാണെന്നായിരുന്നു പ്രതിയുടെ വാദം. പക്ഷേ സിസിടിവി ദൃശ്യങ്ങളും മറ്റൊരു ബന്ധുവിന്റെ നിര്‍ണായക ദൃക്സാക്ഷി മൊഴിയും പുറത്തുവന്നതോടെയാണ് കൊലപാതകായിരുന്നെന്ന വിവരം പുറത്തുവന്നത്.
തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് വ്യക്തമാവുകയും കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.