സുഹൃത്തുമായി 10,000 രൂപ ബെറ്റ് വച്ച് 5 കുപ്പി മദ്യം വെള്ളം ചേർക്കാതെ അകത്താക്കിയ 21കാരന് ദാരുണാന്ത്യം

സുഹൃത്തുമായി പന്തയം വച്ച് അഞ്ചുകുപ്പി മദ്യം വെള്ളം ചേർക്കാതെ ഒറ്റയടിക്ക് അകത്താക്കിയ യുവാവിന് ദാരുണാന്ത്യം. കർണാടക കോളാറിലെ പൂജാരഹള്ളയിലാണ് സംഭവം. കാർത്തിക്ക് എന്നു പേരുള്ള 21കാരനാണ് മരിച്ചത്. സുഹൃത്തുമായി 10,000 രൂപയ്ക്ക് ബെറ്റ് വച്ചാണ് യുവാവ് ഈ സാഹസത്തിന് മുതിര്‍ന്നത്.
സുഹൃത്തായ വെങ്കട്ടറെഡ്ഡിയുമായി പന്തയം വച്ചാണ് യുവാവ് ഒരു തുള്ളിവെള്ളംപോലും ചേർക്കാതെ 5 കുപ്പി മദ്യം അകത്താക്കിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. പന്തയം വച്ചതുപോലെ അഞ്ചുകുപ്പി മദ്യം വെള്ളംചേർക്കാതെ കുടിച്ചതിന് പിന്നാലെ യുവാവ് കുഴഞ്ഞുവീണു. ഉടൻ തന്നെ കാർത്തിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സകളോട് പ്രതികരിക്കാതെ കാർത്തിക് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഒരുവര്‍ഷം മുൻപായിരുന്നു കാർത്തിക്കിന്റെ വിവാഹം. ഒൻപതു ദിവസം മുൻപാണ് ഭാര്യ പെൺകുഞ്ഞിന് ജന്മം നല്‍കിയത്. സംഭവത്തിൽ മുൽബാഗൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ മുൽബാഗൽ പൊലീസ് ക്രിക്കറ്റ് വാതുവയ്പ്പുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൈൽ ഖാൻ‌, ഇർഫാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.