ഭർത്താവിൽ നിന്നും അകന്നാണ് കഴിയുന്നതെന്നും നിയമപരമായ വിവാഹമോചനത്തിന് ശ്രമം നടക്കുന്നവെന്നും വീണ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.''എന്റെ മോൻ നല്ല ഹാപ്പിയാണ്. അവൻ ഞങ്ങളെ രണ്ടു പേരെയും മിസ് ചെയ്യുന്നില്ല. കണ്ണൻ വരുമ്പോൾ അവൻ അദ്ദേഹത്തിന്റെ കൂടി പുറത്തു പോകാറുണ്ട്. എനിക്ക് ഒരമ്മയുടെ സ്നേഹം മാത്രമേ കൊടുക്കാൻ പറ്റൂ. അച്ഛന്റെ സ്നേഹം കൊടുക്കാൻ പറ്റില്ല. അതവന് അദ്ദേഹത്തിലൂടെ ഇപ്പോഴും കിട്ടുന്നുണ്ട്'', വീണാ നായർ പറഞ്ഞു. തങ്ങൾ തമ്മിലുള്ള പ്രശ്നം കൊണ്ടാണ് അകന്നു കഴിയുന്നതെന്നും അത് മകനെ ബാധിക്കരുതെന്ന് നിർബന്ധമുണ്ടെന്നും വീണ കൂട്ടിച്ചേർത്തു. ബിഗ്ബോസ് ദാമ്പത്യജീവിതത്തെ ബാധിച്ചു എന്ന തരത്തിലുള്ള വാർത്തകളും വീണ നിഷേധിച്ചു. താൻ നേരിടുന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും വീണ തുറന്നു സംസാരിച്ചു. ''അത്തരം കമന്റുകൾ സ്ഥിരം കേൾക്കാറുള്ളതാണ്. പറയുന്നവർ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. പണ്ടത് തമാശ പോലെ ചിലർ ചോദിച്ചിരുന്നെങ്കിൽ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമായി പലരും ചോദിക്കാന്‍ തുടങ്ങി. വണ്ണം ഉണ്ടെന്ന് കരുതി എനിക്ക് പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല.
ഞാന്‍ ചെറുപ്പം മുതലേ ഇങ്ങനെയാണ്. രണ്ട് മൂന്ന് വര്‍ഷം മുന്‍പ് ഇരുപത് കിലോയോളം കുറച്ചപ്പോഴായിരിക്കും എന്നെ കുറച്ച് വണ്ണം കുറഞ്ഞ് എല്ലാവരും കണ്ടിട്ടുണ്ടാവുക. സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ വണ്ണത്തിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. പറയുന്നവര്‍ പറയട്ടെ, എന്നേ ഇപ്പോൾ വിചാരിക്കുന്നുള്ളു'', വീണ പറഞ്ഞു.
മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ അഭിനയ ലോകത്തേക്ക് എത്തിയതാണ് വീണ നായര്‍. പിന്നീട് ഒരു ഹാസ്യനടി എന്ന രീതിയിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സിനിമകളിലും വീണ സജീവമായി. വെള്ളിമൂങ്ങയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ, ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലും വീണ മത്സരിച്ചിരുന്നു. ഇപ്പോള്‍ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാണ് താരം.