ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ടിന്റെ ഭാഗമായുള്ള മുടിയുഴിച്ചിൽ ചടങ്ങ് ഇന്ന് വൈകിട്ട് നാലരയോടെ ആരംഭിക്കും.ഇതുവരെയുള്ള ചടങ്ങുകൾ ക്ഷേത്രത്തിന് തെക്കുവശത്തുള്ള തുള്ളൽപ്പുരയിലാണ് നടന്നതെങ്കിൽ ഇന്നത്തെ ചടങ്ങ് ക്ഷേത്രപ്പറമ്പിലും സമീപ പ്രദേശങ്ങളിലുമാണ് നടക്കുന്നത്.
ക്ഷേത്രത്തിന് സമീപമുള്ള നാലുകിലോമീറ്റർ ചുറ്റളവ് മുടിയുഴിച്ചിലിന് വേദിയാകും. ദാരികൻ കാളിയുമായുള്ള യുദ്ധത്തിൽ തോറ്റ് പല സ്ഥലങ്ങളിൽ പോയി ഒളിച്ചെന്നും ദേവി അവിടെയെല്ലാം അന്വേഷിച്ചു പോകുന്നുവെന്നുമാണ് ഐതിഹ്യം.
ഇതിനായി രണ്ടുപേർ ഭദ്രകാളി വേഷം കെട്ടി ക്ഷേത്രാങ്കണത്തിൽ എത്തുന്നു.ദാരികനെ തേടി ഭദ്രകാളി തെക്കേ ദിക്കിലേക്കും ദുർഗാദേവി വടക്കേ ദിക്കിലേക്കുമാണ് യാത്രയാകുന്നത്.പഞ്ചവാദ്യവുമായി സർവാഭരണ വിഭൂഷിതയായി നാഗക്കെട്ട് കൊത്തിയ മുടിയും ധരിച്ച് വരുന്ന കാളീരൂപത്തെ ക്ഷേത്ര പരിസരത്തും വഴിയോരത്തും നിറപറയും നിലവിളക്കുമായി ഭക്തജനങ്ങൾ എതിരേൽക്കും.
നാനാദിക്കുകൾ അരിച്ചുപെറുക്കിയിട്ടും ദാരികനെ കണ്ടെത്താനാവാതെ തിരിച്ചെത്തുന്ന ദേവിമാർക്ക് അമ്പലത്തിൽ ഉച്ചബലി കർമ്മം നടത്തും. തുടർന്ന് നടക്കുന്ന ആചാരാനുഷ്ഠാനങ്ങൾക്കുശേഷം മുടിയുഴിച്ചിൽ അവസാനിക്കും.
വിത്ത് (നെല്ല്) എറിയൽ ചടങ്ങ് കാണാനും വിത്ത് പിടിക്കാനുമായി നാടിന്റെ നാനാഭാഗത്തു നിന്നും നിരവധിപ്പേർ ഇന്ന് ശാർക്കരയിൽ എത്തും. രോഗങ്ങളിൽ നിന്ന് മുക്തരായി സമ്പത്തും പ്രതാപവും കൈവരുമെന്ന വിശ്വാസത്തിലാണ് ദേവിമാർ എറിയുന്ന വിത്ത് തറയിൽ വീഴാതെ ഭക്തജനങ്ങൾ പിടിച്ച് ഭവനങ്ങളിൽ കൊണ്ടുപോയി സൂക്ഷിച്ചു വയ്ക്കുന്നത്. ഭക്തർ ദേവിക്ക് സമർപ്പിക്കുന്ന നെല്ല് അളന്ന് തിട്ടപ്പെടുത്തി ക്ഷേത്രത്തിലെത്തിക്കുന്ന ചുമതല മുസ്ലിം കുടുംബമായ അഴൂർ തൈക്കൂട്ടത്തിലെ പുരുഷന്മാർക്കാണ്. തലമുറകളായി പിന്തുടർന്നുവരുന്ന ഈ പാരമ്പര്യം ഭക്തിആദരവോടും ഒരാഴ്ചത്തെ കഠിന വ്രതത്തോടുകൂടിയും ഇന്നും തുടരുന്നു.