മരണത്തിന് ശേഷവും ജീവിതമുണ്ട്, 5000 പേരുടെ അനുഭവങ്ങൾ പഠിച്ച ഡോക്ടർ പറയുന്നത് ഇങ്ങനെ

മരണത്തിന് ശേഷം നമുക്കെന്ത് സംഭവിക്കും? ഇതുവരെ അതേ കുറിച്ച് ഒരുത്തരം കണ്ടെത്താൻ നമുക്കാർക്കും സാധിച്ചിട്ടില്ല. കാരണം, മരണശേഷം ആരും വന്ന് ഇതാണ് മരണത്തിന് ശേഷം എനിക്ക് സംഭവിച്ചത് എന്ന് പറഞ്ഞിട്ടില്ല. അതുപോലെ പഠനത്തിനും പലവിധ പരിമിതികളുണ്ട്. എന്നാൽ യുഎസ്സിലെ കെന്റക്കിയിൽ നിന്നുമുള്ള ഒരു റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഇപ്പോൾ പറയുന്നത് മരണത്തിന് ശേഷവും ജീവിതമുണ്ട് എന്നാണ്. 5000 -ത്തിലധികംമരണത്തിലേക്കടുക്കുന്നവരുടെ (Near-death experiences- NDE) കേസുകൾ പഠിച്ച ശേഷമാണ് താൻ ഇത് പറയുന്നത് എന്നും ഇക്കാര്യത്തിൽ യാതൊരു സംശയും ഇല്ല എന്നുമാണ് ഡോ. ജെഫ്രി ലോങ് ഉറപ്പിച്ച് പറയുന്നത്. മരണത്തെക്കുറിച്ചും മരണത്തിനു ശേഷം എന്ത് സംഭവിക്കും എന്നതിനെ കുറിച്ചുമെല്ലാം വലിയ ആവേശമുള്ള ജെഫ്രി ലോങ് ഇതേ കുറിച്ച് പഠിക്കുന്നതിന് വേണ്ടി 1998 -ൽ നിയർ ഡെത്ത് എക്സ്പീരിയൻസ് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ചിട്ടുണ്ട്. 

പഠനത്തിൽ നിന്നും കിട്ടിയ വിവരങ്ങളും തന്റെ അനുഭവങ്ങളും എല്ലാം അടിസ്ഥാനമാക്കി ജെഫ്രി ലോങ് ഒരു ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജെഫ്രി ലോങ് പറയുന്നത് മരണത്തിലേക്കടുക്കുന്ന ആളുകളുടെ ബോധം അവരുടെ ഭൗതികമായ ശരീരത്തിൽ നിന്നുമാണ് വേർപ്പെടുന്നത്. പിന്നീട് അത് മുകളിൽ ചുറ്റിക്കറങ്ങുന്നു. മാത്രമല്ല, അവർക്ക് ചുറ്റും എന്തൊക്കെയാണ് നടക്കുന്നതെന്ന് കാണാനും കേൾക്കാനുമെല്ലാം അവർക്ക് കഴിയും എന്നാണ്.മരണത്തിന് ശേഷം അവർ ഒരു തുരങ്കം പോലെയുള്ള ഒന്നിലൂടെ കടന്നു പോകുന്നു. പിന്നീട് അവർ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ -വളർത്തുമൃ​ഗങ്ങൾ ഉൾപ്പടെയുള്ളവരെ കാണുന്നു. അവർ സ്നേഹത്തോടെ ഇവരെ സ്വാ​ഗതം ചെയ്യുന്നു. യഥാർത്ഥ സ്നേഹവും സമാധാനവും മരിക്കുന്നവർക്ക് അനുഭവപ്പെടുന്നു. ഇതാണ് തങ്ങളുടെ യഥാർത്ഥ വീട് എന്ന് അവർക്ക് അപ്പോൾ തോന്നുന്നു എന്നും ജെഫ്രി ലോങ് പറയുന്നു. 
എന്നാൽ, ഇതിന് ശാസ്ത്രീയമായ തെളിവുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ല എന്നും ഡോ. ജെഫ്രി ലോങ് പറഞ്ഞു.