പ്രഭാത വാർത്തകൾ 2023/ സെപ്റ്റംബർ 01 വെള്ളി .

◾ഈ മാസം 18 മുതല്‍ 22 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുന്നത്. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒറ്റത്തവണയായി നടത്തണമെന്നാണു ബില്ലിലെ നിര്‍ദേശം.

◾ചന്ദ്രനില്‍ പ്രകമ്പനങ്ങള്‍ ഉണ്ടെന്ന് ചന്ദ്രയാന്‍ മൂന്നിന്റെ കണ്ടെത്തല്‍. ലാന്‍ഡറിലെ ഇല്‍സ എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. പ്രകമ്പനത്തിന്റെ കാരണം വ്യക്തമല്ല. റോവറിലെ രണ്ടാമത്തെ പേ ലോഡായ ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്സ് റേ സ്പെക്ട്രോമീറ്റര്‍ ചന്ദ്രോപരിതലത്തിലെ സള്‍ഫര്‍ സാന്നിധ്യം ഉറപ്പിച്ചു. ചന്ദ്രനില്‍ പ്ലാസ്മ സാന്നിധ്യം കുറവാണെന്നാണ് മറ്റൊരു ഉപകരണമായ രംഭയുടെ കണ്ടെത്തല്‍.

◾ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുമെന്ന് മുംബൈയില്‍ ആരംഭിച്ച പ്രതിപക്ഷ കക്ഷികളുടെ ഇന്ത്യ മുന്നണി യോഗം. 2014 ല്‍ അധികാരത്തില്‍ വന്നവര്‍ 2024 ല്‍ പുറത്താകുമെന്നു സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. 28 പാര്‍ട്ടികളിലെ 63 നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, മല്ലികാര്‍ജുന ഖര്‍ഗെ, രാഹുല്‍ഗാന്ധി എന്നിവര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഇന്നും തുടരും.

◾വിഴിഞ്ഞം ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ നവീകരിക്കുമെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല. സാഗര്‍ പരിക്രമയുടെ ഭാഗമായി സന്ദര്‍ശിച്ചപ്പോഴാണ് മന്ത്രി വിഴിഞ്ഞത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

◾ശാസ്ത്രബോധവും യുക്തിചിന്തയും വെല്ലുവിളി നേരിടുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പരിണാമ സിദ്ധാന്തം പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കി അബദ്ധങ്ങള്‍ പ്രതിഷ്ഠിക്കുന്നു. നമ്മള്‍ ചന്ദ്രനിലെത്തിയിട്ടും ശാസ്ത്ര അവബോധം വളര്‍ത്തുന്നില്ല. 100 വര്‍ഷം മുമ്പ് നാം പൊരുതി തോല്‍പിച്ചതിനെ തിരികെ എത്തിക്കാന്‍ ശ്രമിക്കുന്നത് ആരെന്ന് പറയേണ്ടതില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ചെമ്പഴന്തി ഗുരുകുലത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. ഒരുവശത്തേക്കുള്ള ടോള്‍നിരക്കില്‍ മാറ്റമില്ല. കാര്‍, ജീപ്പ് എന്നിവയ്ക്ക് ഒരു വശത്തേക്ക് 90 രൂപയാണ് നിരക്ക്. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപ നല്‍കണം. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 160 രൂപയാണ് ചാര്‍ജ്. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 240 രൂപയായി ഉയരും. ബസ്, ലോറി, ട്രക്ക് എന്നിവയ്ക്ക് ഒരുവശത്തേക്ക് 320 രൂപയും ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 480 രൂപയുമാണ് നിരക്ക്.

◾ഉപലോകയുക്തമാര്‍ക്കെതിരെ പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി. മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്റെ ജീവചരിത്രം ഉപലോകയുക്ത ജസ്റ്റിസ് ബാബു പി ജോസഫ് പ്രകാശനം ചെയ്തെന്ന പരാതി ഗവര്‍ണര്‍ക്കു കൈമാറി. പുസ്തകത്തില്‍ മുന്‍ എംഎല്‍എയുമായുള്ള അടുപ്പം ഉപലോകയുക്തമാരായ ബാബു പി ജോസഫും ഹാറൂണ്‍ അല്‍ റഷീദും എടുത്തു പറയുന്നുണ്ടെന്നു പരാതിയില്‍ പറയുന്നു.

◾സെക്രട്ടേറിയറ്റ് തമ്പുരാന്‍ കോട്ടയായി തുടരുന്നുവെന്നു ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. പ്രധാന ക്ഷേത്രങ്ങളിലെ പൂജാരിമാരായി ബ്രാഹ്‌മണരെ നിയമിക്കണമെന്ന് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ സര്‍ക്കുലര്‍ നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവര്‍ വേദിയില്‍ ഇരിക്കേയാണു സ്വാമിയുടെ വിമര്‍ശനം.

◾നെല്ല് സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക് കൊടുക്കാന്‍ കേന്ദ്ര വിഹിതം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കര്‍ഷകര്‍ക്കുള്ള സംഭരണവില നല്‍കാന്‍ ഒരു രൂപയുടെ പ്രൊപ്പോസല്‍ പോലും കേരളത്തില്‍നിന്ന് കേന്ദ്രത്തിനു നല്‍കിയിട്ടില്ല. സംസ്ഥാനം ക്ലെയിം ചെയ്താല്‍ 20 ദിവസത്തിനകം പണം നല്‍കുമെന്നും കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാകരന്തലജെയുടെ ഓഫീസ് അറിയിച്ചെന്നും അദ്ദേഹം വെളിപെടുത്തി.

◾അച്ചു ഉമ്മനെ ഫെയ്സ് ബുക്ക് വഴി അധിക്ഷേപിച്ച സിപിഎം അനുഭാവിയും സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളി ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. വിരമിച്ച നന്ദകുമാറിനെ ഒരു മാസം മുന്‍പാണ് ഐഎച്ച്ആര്‍ഡിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചത്. സര്‍വീസ് ചട്ടം ലംഘിച്ചാണ് നന്ദകുമാര്‍ സൈബര്‍ അധിക്ഷേപം നടത്തിയത്. പൊലീസ് കേസെടുത്തെങ്കിലും നന്ദകുമാറിനെ ചോദ്യം ചെയ്തിട്ടില്ല.

◾ഇന്ത്യ മുന്നണിയുടെ അധ്യക്ഷസ്ഥാനത്തു കോണ്‍ഗ്രസ് നേതാവുണ്ടാകണമെന്നാണ് ആഗ്രഹമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ദേശീയതലത്തിലാണ് മുന്നണിയുടെ പ്രസക്തി. പ്രധാനമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി.

◾ഓണാഘോഷത്തിനു സമാപനം കുറിച്ചുകൊണ്ട് തൃശൂരില്‍ ഇന്നു പുലിക്കളി. ഉച്ചയ്ക്കു രണ്ടു മുതല്‍ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം. സ്വരാജ് റൗണ്ടില്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല. വൈകുന്നേരം നാലോടെ ആരംഭിക്കുന്ന പുലിക്കളി അഞ്ചരയോടെ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. ദീപാലംകൃതമായ നിശ്ചലദൃശ്യങ്ങളും ഉണ്ടാകും. രാത്രി എട്ടോടെയാണു സമാപിക്കുക.

◾സംസ്ഥാനത്തെ 2021 -22 വര്‍ഷത്തെ മികച്ച നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയറായി താമരശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലെ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥി രോഹിന്‍ പ്രമോദ് തെരഞ്ഞെടുക്കപ്പെട്ടു. താമരശേരി കാരാടി പുത്തന്‍പുരയില്‍ പി.കെ പ്രമോദിന്റെയും ജഷിന പ്രമോദിന്റെയും മകനാണ്.

◾കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ബാലുശ്ശേരി എരമംഗലം സ്വദേശി മുഹമ്മദ് അട്ടൂരിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ സംസ്ഥാനത്തിന് പുറത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഈ മാസം 22 മുതലാണു കാണാതായത്.

◾സീരിയല്‍ താരം അപര്‍ണ കരമനയിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

◾ഗൗതം അദാനിക്കെതിരെ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ടിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കേ അദാനിയുടെ ഇടപാടുകളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വിദേശ മാധ്യമങ്ങളില്‍ അദാനിക്കെതിരായി വന്ന വാര്‍ത്ത അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് തിരിച്ചടിയാണ്. ജി 20 യോഗം നടക്കാനിരിക്കെ ഇന്ത്യയുടെ പ്രതിഛായ മോശമാക്കി. രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

◾തിടുക്കത്തില്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചത് പ്രതിപക്ഷവുമായി ആലോചിക്കാതെയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പരിഭ്രാന്തിയുടെ ലക്ഷണമാണ് കാണിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

◾ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 700 മെഗാവാട്ട് ആണവനിലയം പൂര്‍ണതോതില്‍പ്രവര്‍ത്തനം ആരംഭിച്ചു. ഗുജറാത്തിലെ കക്രപാര്‍ ആണവനിലയത്തിലൂടെ ഇന്ത്യ സുപ്രധാന നാഴികക്കല്ലു പിന്നിട്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

◾വൈഎസ്ആര്‍ തെലുങ്കാന പാര്‍ട്ടി അധ്യക്ഷയും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഢിയുടെ മകളും മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിള കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സോണിയാഗാന്ധിയുമായും രാഹുല്‍ഗാന്ധിയുമായും ശര്‍മിള സംസാരിച്ചു. കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സന്ദര്‍ശനം.

◾ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെ ആദ്യ വനിതാ ചെയര്‍പേഴ്ണും സിഇഒയുമായി ജയവര്‍മ സിന്‍ഹയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. അനില്‍കുമാര്‍ ലഹോട്ടി വിരമിച്ച ഒഴിവിലാണു നിയമനം.

◾ഡല്‍ഹിയില്‍ ആമസോണ്‍ കമ്പനി മാനേജരെ നടുറോഡില്‍ വെടിവച്ചുകൊന്ന പതിനെട്ടുകാരനായ ഗുണ്ടാ തലവനും കൂട്ടാളിയും പിടിയില്‍. മായ ഗാങ്ങിന്റെ തലവനായ മുഹമ്മദ് സമീറും കൂട്ടാളിയുമാണ് പിടിയിലായത്. മുഹമ്മദ് സമീര്‍ നാലു കൊലക്കേസില്‍ പ്രതിയാണ്.

◾ആറു മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അന്‍ നെയാദി അടക്കമുള്ളവര്‍ ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തും. മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ അറിയിച്ചതാണ് ഇക്കാര്യം. നാസയുടെ ബഹിരാകാശ സഞ്ചാരി സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ സഞ്ചാരി ആന്‍ഡ്രി ഫെദീവ് എന്നിവരാണ് അല്‍ നെയാദിക്കൊപ്പം ഭൂമിയിലേക്കു മടങ്ങുന്നത്.

◾ദക്ഷിണാഫ്രിക്കയിലെ സെന്‍ട്രല്‍ ജോഹന്നാസ്ബര്‍ഗിലെ അഞ്ചു നില കെട്ടിടത്തില്‍ തീപിടിച്ച് 60 പേര്‍ കൊല്ലപ്പെട്ടു. 43 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ പത്തിലേറെ കുട്ടികളും ഉള്‍പ്പെടുന്നു.  

◾ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കക്ക് ബംഗ്ലാദേശിനെതിരേ അഞ്ചു വിക്കറ്റ് വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 39 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

◾ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളുടെ ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം അടുത്ത അഞ്ചു വര്‍ഷത്തേക്ക് സ്വന്തമാക്കി വയാകോം 18. 5,963 കോടി രൂപയ്ക്കാണ് പാരമൗണ്ട് ഗ്ലോബലിന്റെയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള വയാകോം 18 സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

◾മാഞ്ചെസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ടിന് യുവേഫ പ്ലയര്‍ ഓഫ് ദി ഇയര്‍. ലയണല്‍ മെസ്സിയേയും കെവിന്‍ ഡിബ്രുയിനിയേയും പിന്തള്ളിയാണ് ഹാളണ്ട് യൂറോപ്യന്‍ ഫുട്‌ബോളിലെ മികച്ച പുരുഷ ഫുട്ബോള്‍ താരമായത്. ബാഴ്സലോണയുടെ സ്പാനിഷ് താരം എയ്താന ബൊന്‍മാറ്റിയാണ് മികച്ച വനിതാ ഫുട്ബോളര്‍.

◾നിക്ഷേപകരുടെ എണ്ണം കുതിച്ചുയരുന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ പുതിയ കാല്‍വെപ്പുമായി പ്രമുഖ ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ. നിക്ഷേപകരെ ലക്ഷ്യമിട്ട് ഓഹരി വാങ്ങലും വില്‍പ്പനയും സാധ്യമാക്കുന്ന ഷെയര്‍. മാര്‍ക്കറ്റ് എന്ന ട്രേഡിംഗ് പ്ലാറ്റ്ഫോമിനാണ് രൂപം നല്‍കിയിരിക്കുന്നത്. ഓഹരികള്‍ക്ക് പുറമേ, മ്യൂച്വല്‍ ഫണ്ടുകള്‍, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ എന്നിവയിലും നിക്ഷേപം നടത്താന്‍ കഴിയുന്നതാണ്. ഫോണ്‍പേയുടെ ഉപസ്ഥാപനമായ ഫോണ്‍പേ വെല്‍ത്തിന് കീഴിലാണ് പുതിയ ട്രേഡിംഗ് പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും യുപിഐ സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഫോണ്‍പേ അടുത്തിടെ വായ്പ, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലേക്കും ചുവടുകള്‍ ശക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഷെയര്‍ മാര്‍ക്കറ്റ് രംഗത്തേക്കുള്ള കടന്നുവരവും. സീറോധ, ഗ്രോ, അപ്സ്റ്റോക്ക്സ് എന്നീ പ്ലാറ്റ്ഫോമുകളാണ് മൊബൈല്‍ ആപ്പ് വഴിയുള്ള ഓഹരി നിക്ഷേപ സേവന രംഗത്ത് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനികളാണ് ഫോണ്‍പേയുടെ പ്രധാന എതിരാളികള്‍. അമേരിക്കന്‍ ഇ-കോമേഴ്സ്/ഹൈപ്പര്‍ മാര്‍ക്കറ്റ് ഭീമനായ വാള്‍മാര്‍ട്ടിന് 85 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനം കൂടിയാണ് ഫോണ്‍പേ.

◾മലയാള സിനിമയില്‍ വരാനിരിക്കുന്ന ബിഗ് പ്രൊഡക്ഷനുകളിലൊന്നാണ് ജയസൂര്യ നായകനാവുന്ന 'കത്തനാര്‍'. കടമറ്റത്ത് കത്തനാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫിലിപ്സ് ആന്‍ഡ് മങ്കി പെന്നും ഹോമും സംവിധാനം ചെയ്ത റോജിന്‍ തോമസ് ആണ്. ചിത്രത്തിന്റെ 2 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു. ആര്‍ രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ഏപ്രിലില്‍ തുടങ്ങിയതാണ്. നാല്‍പത്തിമൂന്ന് ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. വിഎഫ്എക്സ് ആന്‍ഡ് വെര്‍ച്വല്‍ പ്രൊഡക്ഷനിലൂടെയാണ് സിനിമയുടെ ചിത്രീകരണം. കൊറിയന്‍ വംശജനും കാനഡയില്‍ താമസക്കാരനുമായ ജെ ജെ പാര്‍ക്ക് ആണ് കത്തനാരിന്റ സ്റ്റണ്ട് കൊറിയോഗ്രാഫി. മറ്റ് ഭാഷകളിലെ മുന്‍നിര താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നീല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രാഹുല്‍ സുബ്രഹ്‌മണ്യനാണ് സംഗീതം. ജയസൂര്യയുടെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

◾യുവ നടന്‍മാരായ റോഷന്‍ മാത്യുവും ഷൈന്‍ ടോം ചാക്കോയും ബാലു വര്‍ഗീസും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'മഹാറാണി'. ജി മാര്‍ത്താണ്ഡനാണ് ചിത്രത്തിന്റെ സംവിധാനം. 'ഇഷ്‌ക്ക്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് റോഷന്‍ കേന്ദ്ര വേഷത്തിലെത്തുന്ന 'മഹാറാണി'യുടെയും കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതുന്നത്. 'മഹാറാണി'യിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാര്‍, നിഷ സാരംഗ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം ലോകനാഥന്‍ ആണ്. ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിന് മുരുകന്‍ കാട്ടാക്കടയും അന്‍വര്‍ അലിയും രാജീവ് ആലുങ്കലും വരികള്‍ എഴുതിയിരിക്കുന്നു. സുജിത് ബാലനാണ് ചിത്രം നിര്‍മിക്കുന്നത്. എസ് ബി ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുഷ ആണ് സഹ നിര്‍മ്മാതാവ്.

◾സോനെറ്റിന്റെ എച്ടികെ+ 1.2ലിറ്റര്‍ പെട്രോള്‍ വേരിയന്റില്‍ കിയ സണ്‍റൂഫ് അവതരിപ്പിച്ചു. കിയ സോനെറ്റില്‍ സണ്‍റൂഫ് ഉണ്ടായിരുന്നെങ്കിലും, അത് 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. കിയ സോനെറ്റ് എച്ടികെ+ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ എക്‌സ് ഷോറൂം വില 9.76 ലക്ഷം രൂപയാണ്. പുതിയ വേരിയന്റിന് ക്യാബിന്‍ ഫീച്ചറുകളില്‍ ഒരു നവീകരണവും ലഭിക്കുന്നില്ല. വേരിയന്റിന് 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഓട്ടോ എസി, മള്‍ട്ടിപ്പിള്‍ സ്പീക്കറുകള്‍, ഓട്ടോ ഹെഡ്‌ലാമ്പുകള്‍, കീലെസ് എന്‍ട്രി ആന്‍ഡ് ഗോ, നാല് എയര്‍ബാഗുകള്‍, ബാക്ക് ക്യാമറ തുടങ്ങിയവ ലഭിക്കുന്നു. കിയ സോനെറ്റിലേക്ക് വരുമ്പോള്‍, മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. 2024 ന്റെ ഒന്നാം പാദത്തില്‍ കിയ സോണറ്റ് ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാബിന്‍ ഫീച്ചറുകളുടെയും ഡിസൈനിന്റെയും കാര്യത്തില്‍ കമ്പനി ഒരു അപ്‌ഗ്രേഡ് വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. സോനെറ്റിന്റെ എഞ്ചിനുകള്‍ നിലവിലെ തലമുറയില്‍ തന്നെ തുടരുമെന്നും പ്രതീക്ഷിക്കുന്നു.

◾വൈവിധ്യമാര്‍ന്ന നിക്ഷേപങ്ങളിലൂടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുവാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുന്ന പുസ്തകം. സാമ്പത്തിക അച്ചടക്കം കൈവരിക്കുന്നതുവഴി നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശി. പതിറ്റാണ്ടുകളായി ഗള്‍ഫ് മലയാളികള്‍ക്ക് ധനകാര്യസേവനം നടത്തുന്നയാളാണ് ഷംസുദ്ദീന്‍. അദ്ദേഹത്തിന്റെ നീണ്ട പ്രവാസ ജീവിതത്തില്‍നിന്നും ആര്‍ജ്ജിച്ചെടുത്ത അനുഭവങ്ങളാണിതിന്റെ മൂലധനം. 'സമ്പാദ്യവും നിക്ഷേപവും'. രണ്ടാം പതിപ്പ്. കെ.വി ഷംസുദ്ദീന്‍. ഡിസി ബുക്സ്. വില 161 രൂപ.