*പ്രഭാത വാർത്തകൾ*2023 ജൂലൈ 30 ഞായർ

◾ആലുവയില്‍നിന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതി അസഫാക് പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തില്‍ നിറയെ മുറിവുകളുമായാണ് കുഞ്ഞിന്റെ മൃതദേഹം ചാക്കു കെട്ടില്‍നിന്നു കണ്ടെത്തിയത്. കൊലപാതകം സാമൂഹ്യ മാധ്യമങ്ങളിലടക്കം കണ്ണീര്‍ ചര്‍ച്ചയായി.

◾മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ അറസ്റ്റില്‍. മോന്‍സന്‍ മാവുങ്കലില്‍ നിന്നും സുരേന്ദ്രന്‍ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വാങ്ങിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നതിനാല്‍ അറസ്റ്റു രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു.

◾സിനിമ മേഖലയിലെ സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്‌കാരം പ്രമുഖ സംവിധായകന്‍ ടി വി ചന്ദ്രന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണു ജെ സി ഡാനിയേല്‍ പുരസ്‌കാരം.

◾ഏഴു കൊല്ലം മുമ്പ് റോഡ് ഉപരോധ സമരം നടത്തിയതിനു കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു റിമാന്‍ഡില്‍. കുന്ദമംഗലം കോടതി ജാമ്യത്തില്‍ വിട്ടെങ്കിലും രേഖകളില്‍ ഒപ്പുവയ്ക്കാന്‍ അദ്ദേഹം തയ്യാറാകാതിരുന്നതിനാലാണ് 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തത്. 2016 ല്‍ കരുളായിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കേസിലാണ് അറസ്റ്റ്.

◾മണിപ്പൂരിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം സമാനതകളില്ലാത്തതാണെന്ന് അവിടം സന്ദര്‍ശിക്കുന്ന പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' സംഘത്തിലെ എംപിമാര്‍. ബലാല്‍സംഗ പരാതികളില്‍പോലും കേസെടുക്കുന്നില്ല. തെളിവു പരിശോധിക്കേണ്ട കോടതിക്കു പകരം പരാതി ഘട്ടത്തില്‍തന്നെ പോലീസ് തെളിവില്ലെന്നു വിധിച്ചാണ് കേസെടുക്കാത്തത്. പ്രതിപക്ഷ എംപിമാര്‍ ഇന്നു ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും.

◾ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് ഒരു കോടിയിലേറെ നിര്‍ദേശങ്ങള്‍ നിയമ കമ്മീഷനു ലഭിച്ചെന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം 28 നായിരുന്നു.

◾ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മലയാളിയായ കെ എസ് ജെയിംസിനെ കേന്ദ്രസര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. കേന്ദ്ര സര്‍ക്കാരിനായി കുടുംബാരോഗ്യ സര്‍വേ നടത്തുന്ന സ്ഥാപനമാണ് ഐഐപിഎസ്. ശുചിമുറികള്‍ നിര്‍മിച്ച് വെളിയിട മുക്ത ഭാരതമെന്നു ബിജെപി സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ അങ്ങനെയല്ലെന്ന സര്‍വേ റിപ്പോര്‍ട്ടു പുറത്തുവിട്ടതടക്കമുള്ള വിഷയങ്ങളെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

◾തിരുവനന്തപുരം പള്ളിക്കലില്‍ പാറക്കെട്ടിനു മുകളില്‍നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ യുവാവ് മരിച്ചു. യുവാവിന്റെ കൂടെ പുഴയില്‍ വീണ നവദമ്പതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. പള്ളിക്കല്‍ സ്വദേശി അന്‍സിലാണു മരിച്ചത്. കടയ്ക്കല്‍ സ്വദേശികളായ സിദ്ദീഖ്, ഭാര്യ നൗഫി എന്നിവരെയാണ് കാണാതായത്. അഞ്ചു ദിവസം മുമ്പു വിവാഹിതരായ സിദ്ദീഖും നൗഫിയയും ബന്ധുവായ അന്‍സിലിന്റെ വീട്ടില്‍ വിരുന്നിനു വന്നതായിരുന്നു.

◾പാലക്കാട് കഞ്ചിക്കോട് ദേശീയപാതയില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി നാലര കോടി രൂപ കവര്‍ന്നു. മേലാറ്റൂര്‍ സ്വദേശികളായ ഇവ്നു വഹ, മുഹമ്മദ് ഷാഫി, മുഹമ്മദ് ആസിഫ് എന്നിവരാണ് കസബ പൊലീസില്‍ പരാതി നല്‍കിയത്. ടിപ്പര്‍ കാറിനു കുറുകെ നിര്‍ത്തിയിട്ടാണ് കവര്‍ച്ച നടത്തിയത്. ടിപ്പറിനൊപ്പം രണ്ടു കാറുകളിലെത്തിയ 15 അംഗ സംഘമാണ് ആക്രമിച്ച് പണം തട്ടിയെടുത്തത്.

◾കാണാതായ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയെ ജീവനോടെ മാതാപിതാക്കളുടെ അടുത്തെത്തിക്കാനുള്ള തങ്ങളുടെ ശ്രമം വിഫലമായെന്നു പോലീസ്. ഫേസ്ബുക്കിലൂടെ 'മകളെ മാപ്പ്' എന്ന തലക്കെട്ടോടെയാണ് പ്രതികരണം. കുട്ടിയെ തട്ടികൊണ്ടുപോയ പ്രതി അറസ്റ്റിലായെന്നും പോലീസ് അവകാശപ്പെട്ടു.

◾മൈക്കിനെതിരേയും പ്രതിപക്ഷ നേതാക്കള്‍ക്കെതിരേയും കേസെടുക്കാന്‍ ഓടുന്ന പോലീസ് അല്‍പമെങ്കിലും കാര്യക്ഷമത കാണിച്ചിരുന്നെങ്കില്‍ ആലുവായിലെ അഞ്ചു വയസുകാരിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിക്ക് ആയിരം പോലീസ്, അഞ്ചു വയസുകാരിയെ തെരയാന്‍ ഒരു പോലീസുകാരനും ഇല്ലെന്നു സതീശന്‍ കുറ്റപ്പെടുത്തി.

◾ക്ലാസ് ഫോര്‍ ജീവനക്കാരുടെയും പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെയും പെണ്‍മക്കളുടെ വിവാഹ വായ്പ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് നിലവിലുള്ള ഒന്നരലക്ഷം രൂപയില്‍ നിന്ന് മൂന്നുലക്ഷം രൂപയായും പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയില്‍നിന്ന് ഒന്നര ലക്ഷം രൂപയായുമാണ് വര്‍ധിപ്പിച്ചത്.

◾കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ചെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 12,500 ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കും. എല്ലാ കരാര്‍ ജീവനക്കാര്‍ക്കും ബോണസും നല്‍കും. 30,000 രൂപയിലേറെ മാസ ശമ്പളമുള്ള ജീവനക്കാര്‍ക്ക് 15 ശതമാനം ഗുണന ഘടകം കണക്കാക്കിയാണു ബോണസ് നല്‍കുക. കുറഞ്ഞത് 6000 രൂപയുടെ വര്‍ധനയുണ്ടാകും. 30,000 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്ക് 20 ശതമാനം ഗുണന ഘടകം കണക്കാക്കിയാണു ബോണസ് നല്‍കുക.

◾സ്‌കൂളുകളില്‍ അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വേണമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. താത്കാലിക നിയമനം സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

◾ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ലൈസന്‍സുണ്ടോയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഗസ്റ്റ് ഒന്നിനും രണ്ടിനും പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഓപ്പറേഷന്‍ ഫോസ്‌കോസ് എന്ന പേരിലാണു ലൈസന്‍സ് ഡ്രൈവ് നടത്തുന്നത്.

◾തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ബസില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച കണ്ടക്ടറെ അറസ്റ്റുചെയ്തു. വെള്ളറട ഡിപ്പോയിലെ കണ്ടക്ടറും ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയുമായ സുരേഷ് കുമാറിനെയാണു സസ്പെന്‍ഡു ചെയ്തത്. ബാലരാമപുരം സ്വദേശി ഋതിക് കൃഷ്ണനെ (23) നെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണു നടപടി.

◾നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ സംഘപരിവാര്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ മതനിരപേക്ഷ കേരളം ശക്തമായി പ്രതിഷേധിക്കണമെന്ന് സിപിഎം. മിത്തുകളെ ശാസ്ത്രമായും ചരിത്രമായും വ്യാഖ്യാനിക്കുന്ന ബിജെപിയുടെ പ്രചരണങ്ങള്‍ തുറന്നു കാട്ടിയതിനാണ് ആക്രമണം. വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നതിനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്. സിപിഎം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

◾സിപിഎം നേതാവ് പി ജയരാജന്റെ മോര്‍ച്ചറി പ്രയോഗം സിപിഎം അംഗീകരിക്കുന്നില്ലെന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രകോപനപരമായ നിലപാടല്ല, സമാധാനപരമായ അന്തരീക്ഷമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. ഇങ്ങോട്ട് കടന്നാക്രമണം നടത്തിയാലും അങ്ങോട്ട് അതേ രീതിയില്‍ തിരിച്ചടിക്കേണ്ടെന്നാണ് സിപിഎം നിലപാട്. അദ്ദേഹം പറഞ്ഞു.

◾കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യവേ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിനു മരണാനന്തര ബഹുമതിയായി എംബിബിഎസ് നല്‍കാന്‍ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചു. വൈസ് ചാന്‍സലര്‍ കെ. മോഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവേണിംഗ് കൗണ്‍സിലാണു തീരുമാനമെടുത്തത്.

◾ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം എ യൂസഫലിയുടെ തോളില്‍ അവിചാരിതമായി കൈയിട്ട് സെല്‍ഫിയെടുത്ത് യുവാവ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സെല്‍ഫിയെടുക്കാന്‍ യൂസഫലി അനുവദിച്ചു. കുശലസംഭാഷണവും നടത്തി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ അനുശോചിക്കാന്‍ പുതുപ്പള്ളിയില്‍ എത്തിയപ്പോഴാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

◾മൂവാറ്റുപുഴയില്‍ കോളജ് വിദ്യാര്‍ത്ഥിനി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച ആന്‍സന് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ബൈക്കിന്റെ സൈലന്‍സറും ക്രാഷ് ഗാര്‍ഡും കണ്ണാടികളും ഊരി മാറ്റിയിരുന്നു.

◾തിരുവനന്തപുരം ചാല കമ്പോളത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് 751 കിലോ നിരോധിത പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുത്തു. പരിശോധനയ്ക്കിടെ എതിര്‍പ്പുമായി നാട്ടുകാരും വ്യാപാരികളും രംഗത്തെത്തിയത് സംഘര്‍ഷിനിടയാക്കി.

◾കൊല്ലം കുളത്തൂപ്പുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിറ്റ ദമ്പതികള്‍ പിടിയില്‍. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. ട്യൂഷന്‍ എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ഫോട്ടോയെടുത്ത് അമ്പതു രൂപ മുതല്‍ അഞ്ഞൂറ് രൂപവരെ നിരക്കില്‍ ഫോട്ടോകളും 1500 രൂപ വരെ നിരക്കില്‍ വീഡിയോയും വിറ്റെന്നാണു പൊലീസ് പറയുന്നത്. ഇവരില്‍നിന്ന് ദൃശ്യങ്ങള്‍ വാങ്ങിയവരും പിടിയിലാകും.

◾ബ്യൂട്ടി പാലര്‍ ജീവനക്കാരുടെ മുഖത്ത് മുളകുപൊടി വിതറി സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍. പര്‍ദ്ദ ധരിച്ചെത്തിയ തൊളിക്കോട് സ്വദേശിനി മാലിനിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

◾കല്‍പ്പറ്റ കമ്പളക്കാട് മലങ്കരയില്‍ എയര്‍ഗണ്‍ ഉപയോഗിച്ചു യുവാവ് മൂന്നു പേരെ വെടിവച്ചു. അയല്‍വാസികളായ മലങ്കര പണിയ കോളനിയിലെ മണി, രാഗിണി, വിപിന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലങ്കര ചൂരത്തൊട്ടിയില്‍ ബിജു (48) വാണ് വെടിയുതിര്‍ത്തത്.

◾ഏറ്റവും പുതിയ എയര്‍ലൈന്‍ ആയ ആകാശ എയറിന് 602 കോടി രൂപയുടെ നഷ്ടം . 777.8 കോടി രൂപ വരുമാനം നേടിയെങ്കിലും പ്രവര്‍ത്തന ചെലവ് 1,866 കോടി രൂപയായി. സിവില്‍ ഏവിയേഷന്‍ സഹമന്ത്രി വി കെ സിംഗ് ലോകസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

◾പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വസന തടസംമൂലം കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

◾ഉത്തരാഖണ്ഡിലെ ചമോലിയില്‍ പാലത്തിനു മുകളില്‍ 16 പേര്‍ ഷോക്കേറ്റു മരിച്ച അപകടത്തിനു കാരണമായത് എര്‍ത്തിംഗ് പിഴവാണെന്ന് റിപ്പോര്‍ട്ട്. നമോമി ഗംഗ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മലിന്യ സംസ്‌കരണ പ്ലാന്റില്‍ ഇക്കഴിഞ്ഞ 18 നായിരുന്നു അപകടം.

◾ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ പാകിസ്ഥാനിലെ ലാഹോറിലേക്കു പുറപ്പെട്ട പതിനാറുകാരിയെ വിമാനത്താവളത്തില്‍ പൊലീസ് പിടികൂടി. ലാഹോറിലേക്കു ടിക്കറ്റ് ആവശ്യപ്പെട്ട കുട്ടിക്കു വീസയും പാസ്പോര്‍ട്ടും ഇല്ലായിരുന്നു.

◾അരിയുടെ കയറ്റുമതിയും പുനര്‍കയറ്റുമതിയും യുഎഇ താല്‍ക്കാലികമായി നിരോധിച്ചു. നാലു മാസത്തേക്കാണ് നിരോധനം.

◾പൊലീസ് ഓഫിസറുടെ ചിത്രമെടുത്തതിന് ചൈന 1,400 ദിവസം ജയിലിലടച്ച തായ്വാനീസ് വ്യവസായി ലീ മെങ്-ചുവിന് മോചനം. 2019 ല്‍ തെക്കന്‍ ചൈനീസ് നഗരമായ ഷെന്‍ഷെനില്‍നിന്നാണ് പൊലീസുകാരുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിന് അറസ്റ്റിലായത്. പിന്നീട് ചാരവൃത്തിക്കേസും ചുമത്തിയിരുന്നു.

◾കളി മറന്ന ഇന്ത്യയെ ആറ് വിക്കറ്റിന് തോല്‍പിച്ച് വിന്‍ഡീസ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 90 റണ്‍സ് നേടിയെങ്കിലും 40.5 ഓവറില്‍ 181 റണ്‍സ് മാത്രം നേടി എല്ലാവരും പുറത്തായി. ഇന്ത്യ ഉയര്‍ത്തിയ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിനെ 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷായ് ഹോപും 48 റണ്‍സ് നേടിയ കേസി കാര്‍ത്തിയും ചേര്‍ന്നാണ് വിജയത്തിലേക്ക് നയിച്ചത്.

◾സെനഗലിന്റെ സൂപ്പര്‍ താരം സാദിയോ മാനെയും സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക്. ബയേണ്‍ മ്യൂണിക്കില്‍ നിന്ന് മാനെയെ എത്രതുകയ്ക്കാണ് അല്‍ നസര്‍ സ്വന്തമാക്കിയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. റൊണാള്‍ഡോക്കൊപ്പം മാനെ കൂടി എത്തുന്നതോടെ സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ തിളക്കം കൂടും.

◾2023 ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 13,750 കോടി രൂപ ലാഭം നേടി. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 1,992 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. അതേസമയം, കഴിഞ്ഞ പാദത്തില്‍ വരുമാനം മുന്‍ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 12 ശതമാനം ഇടിഞ്ഞ് 2.21 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷമിത് 2.51 ലക്ഷം കോടിരൂപയായിരുന്നു. ജനുവരി-മാര്‍ച്ച് പാദവുമായി നോക്കുമ്പോള്‍ ലാഭം 37 ശതമാനം വര്‍ധിച്ചു. വരുമാനം 2.3 ശതമാനം ഇടിഞ്ഞു. 10,800 കോടി രൂപയായിരുന്നു ജനുവരി-മാര്‍ച്ചില്‍ ഇന്ത്യന്‍ ഓയിലിന്റെ ലാഭം. പലിശ, നികുതി തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം 22,163 കോടി രൂപയാണ്. എബിറ്റ്ഡ മാര്‍ജിന്‍ 11.2 ശതമാനമായി. കമ്പനിയുടെ മൊത്തം ചെലവുകള്‍ 20 ശതമാനം ഇടിഞ്ഞ് 2.03 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സമാനപാദത്തിലിത് 2.55 ലക്ഷം കോടി രൂപയായിരുന്നു. പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ 2.42 ലക്ഷം കോടി രൂപയില്‍ നിന്ന് 2.11 ലക്ഷം കോടി രൂപയായി കുറഞ്ഞു. പെട്രോകെമിക്കല്‍ വിഭാഗത്തിലും കുറവുണ്ടായി കഴിഞ്ഞ വര്‍ഷം 7,839 കോടി രൂപയായിരുന്ന വരുമാനം 6,728 കോടിയായാണ് കുറഞ്ഞത്.

◾'ലിയോ' ചിത്രത്തില്‍ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്ത്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഈ സ്‌പെഷ്യല്‍ വീഡിയോ എത്തിയിരിക്കുന്നത്. ആന്റണി ദാസ് എന്ന അധോലോക നായകനായാണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് എത്തുന്നത്. സഞ്ജയുടേത് ഒരു മാസ് കഥാപാത്രം തന്നെയാണെന്ന് ഗ്ലിംപ്‌സ് വീഡിയോയില്‍ നിന്നും വ്യക്തമാണ്. വിജയ്-ലോകേഷ് കോമ്പോയില്‍ എത്തുന്ന ചിത്രത്തിന് വന്‍ ഹൈപ്പ് ആണ് ലഭിച്ചിരിക്കുന്നത്. ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നതും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ പെടുന്ന ചിത്രമാണ് ലിയോ എന്നതുമാണ് കൂടുതല്‍ ഹൈപ്പ് ലഭിക്കാന്‍ കാരണമായത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മ്മിക്കുന്നത്. തൃഷ, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. അനിരുദ്ധ് ആണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെതായി പുറത്തുവന്ന 'നാ റെഡി' ഗാനം ഹിറ്റായിരുന്നു. ഒക്ടോബര്‍ 19ന് ലോകമെമ്പാടും ലിയോ തിയേറ്ററുകളില്‍ എത്തും.

◾സുസ്മിത സെന്‍ ട്രാന്‍സ്ജെന്‍ഡറായി എത്തുന്ന ബോളിവുഡ് ചിത്രം 'താലി'യുടെ ടീസര്‍ എത്തി. മുംബൈയില്‍ നിന്നുള്ള ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശ്രീഗൗരി സാവന്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ദേശീയ പുരസ്‌കാരജേതാവ് രവി ജാദവാണ് സംവിധാനം. തിരക്കഥ ക്ഷിതിജ് പഠ്വര്‍ധന്‍. ശ്രീഗൗരിയുടെ വേഷത്തിലാണ് താരം എത്തുന്നത്. അവര്‍ കടന്നുപോകുന്ന പ്രതിസന്ധികളും പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. ഇന്ത്യയുടെ മൂന്നാം ലിംഗത്തിനായുള്ള ശ്രീഗൗരി സാവന്ദിന്റെ പോരാട്ടം എന്ന അടിക്കുറിപ്പിലാണ് സുസ്മിത സെന്‍ ടീസര്‍ പുറത്തുവിട്ടത്. ഓഗസ്റ്റ് 15ന് ജിയോ സിനിമയിലൂടെയാണ് സീരീസ് സ്ട്രീമിങ് ആരംഭിക്കുന്നത്. അതേസമയം ട്രാന്‍സ്വുമണായി സുസ്മിത സെന്‍ വേഷമിട്ടതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. നിരവധി ട്രാന്‍സ് വ്യക്തികള്‍ അഭിയന രംഗത്തുണ്ടെന്നും ആ വേഷത്തിലേക്ക് ഒരു ട്രാന്‍സ്വുമണ്‍ തന്നെ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് കമ്മ്യൂണിറ്റിയുടെ ഭാഗത്ത് നിന്നുതന്നെ വലിയ വിമര്‍ശനമുയര്‍ന്നത്.

◾ബോളിവുഡ് താരം ടൈഗര്‍ ഷിറോഫിന്റെ ബിഎംഡബ്ല്യു പ്രേമം അവസാനിക്കുന്നില്ല. നേരത്തെ ബിഎംഡബ്ല്യു 5 സീരീസ്(520ഡി) സ്വന്തമാക്കിയ ടൈഗര്‍ ഇത്തവണ 3 സീരീസ് ഗ്രാന്‍ ലിമൊസിനാണ് ഗാരിജില്‍ എത്തിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു 3 സീരിസ് ഗ്രാന്‍ഡ് ലിമൊസിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ലഭ്യമാണ്. ഇതില്‍ 330 എല്‍ഐ എന്ന പെട്രോള്‍ കാറാണ് ടൈഗര്‍ സ്വന്തമാക്കിയിരിക്കുന്നത്. 255ബിഎച്പി കരുത്തുള്ള 2 ലീറ്റര്‍ 4 സിലിണ്ടര്‍ ട്വിന്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനുള്ളത്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വേണ്ടി വരുന്നത് 6.2 സെക്കന്‍ഡ് മാത്രം. പരമാവധി വേഗം 250 കിലോമീറ്റര്‍. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്. ബിഎംഡബ്ല്യുവിന്റേതായ നിരവധി ആഡംബര സൗകര്യങ്ങളുമായാണ് ഈ നീളന്‍ കാറിന്റെ വരവ്. 58.60 ലക്ഷം മുതല്‍ 61 ലക്ഷം രൂപ വരെയാണ് ഈ ആഡംബര വാഹനത്തിന്റെ വില. ബിഎംഡബ്ല്യു എം5, ബിഎംഡബ്ല്യു 5 സീരീസ്, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി, ടൊയോട്ട ഇന്നോവ, ടൊയോട്ട ഫോര്‍ച്യുനര്‍, ജാഗ്വാര്‍ എസ്എസ്100, പോണ്ടിയാക് ഫയര്‍ബേഡ് എന്നിങ്ങനെ സമ്പന്നമാണ് ടൈഗര്‍ ഷറോഫിന്റെ കാര്‍ ശേഖരം.

◾നാട്ടുകഥകളുടെ നറുംപാല്‍മണം നിറയുന്ന നോവല്‍. ഒരു ഗ്രാമത്തിനെ നെടുകെയും കുറുകെയും കുളമ്പുകള്‍കൊണ്ടളന്ന്, ശാന്തജീവിയായ ഒരു നാല്‍ക്കാലി വരച്ചിടുന്ന ഭൂപടം. ദേശത്തിന്റെ അകിടുനിറഞ്ഞു ചുരന്ന, ഇനിപ്പും ചിലപ്പോള്‍ ചവര്‍പ്പും രുചിക്കുന്ന കഥകള്‍. മന്ത്രവിദ്യകൊണ്ട് ടിപ്പുപ്പടയെ തുരത്തിയ ഒടിവിദ്വാനില്‍ തുടങ്ങുന്ന ഗ്രാമേതിഹാസങ്ങള്‍ പലപ്പോഴും പച്ചപ്പരമാര്‍ഥത്തിന്റെ കുറ്റിപറിച്ചും കയറു പൊട്ടിച്ചും ഓടി സ്വപ്നാടനത്തുരുത്തുകളെ മേച്ചില്‍പ്പുറങ്ങളാക്കുന്നു. 'പാല്‍ച്ചതുപ്പ്'. ഫാസില്‍. എച്ആന്‍ഡ്സി ബുക്സ്. വില 228 രൂപ.

◾മഴക്കാലത്ത് പച്ചക്കറികള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ദഹനത്തെ അതു ബാധിക്കാം. ലഘുവായ, ഫ്രഷ് ആയ, ദഹിക്കാന്‍ എളുപ്പമായ ഭക്ഷണം കഴിക്കണം. വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണമാണ് മഴക്കാലത്ത് കഴിക്കാന്‍ നല്ലത്. ഓരോ സീസണിലും കഴിക്കേണ്ട പച്ചക്കറികള്‍ ഉണ്ട്. പ്രത്യേകിച്ച് ചില പച്ചക്കറികള്‍ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. അവ ഏതൊക്കെയെന്നു നോക്കാം. സൂപ്പ്, പാലക് പനീര്‍ തുടങ്ങി ചീര കൊണ്ടുള്ള എല്ലാ വിഭവങ്ങളും മഴക്കാലത്ത് ഒഴിവാക്കണം. ഇരുമ്പിന്റെ അംശം ചീരയില്‍ കൂടുതല്‍ ഉള്ളതിനാലാണിത്. ചീര വയറിലെ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. തോരന്‍, സാലഡ്, നൂഡില്‍സ് തുടങ്ങി കാബേജ് കൊണ്ട് വിഭവങ്ങള്‍ നിരവധിയാണ്. എന്നാല്‍ മഴക്കാലത്ത് കാബേജ് ഒഴിവാക്കണമെന്ന് ആയുര്‍വേദം പറയുന്നു. മഴക്കാലത്ത് തണുപ്പ് ഗുണമുള്ള കാബേജ് ദഹനക്കേടുണ്ടാക്കും. മഴക്കാലത്ത് കാപ്സിക്കം കഴിച്ചാല്‍ അസിഡിറ്റിക്കും ദഹനപ്രശ്നങ്ങള്‍ക്കും വാതപിത്ത ദോഷങ്ങള്‍ വര്‍ധിക്കാനും ഇടയാക്കും. തക്കാളി പച്ചക്കറികളില്‍ പ്രധാനിയാണ്. സൂപ്പ്, സാലഡ്, കറികള്‍ ഇവയെല്ലാം ഉണ്ടാക്കാന്‍ തക്കാളി വേണം. എന്നാല്‍ മഴക്കാലത്ത് തക്കാളി ഒഴിവാക്കാം. ഇത് അസിഡിറ്റി ഉണ്ടാക്കും. മഴക്കാലത്ത് ദഹനക്കേടിനു കാരണമാകും എന്നതിനാല്‍ കോളിഫ്ളവര്‍ ഒഴിവാക്കാം.