മംഗലാപുരം സ്വദേശിയാണ് ജയപ്രകാശ്. ഇദ്ദേഹവും ഭാര്യയുമായുള്ള കേസ് ഇന്നും കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും മാറ്റിവെച്ചിരുന്നു. ഇതിൽ പ്രകോപിതനായ ജയപ്രകാശ് അടുത്തുള്ള ചന്തയിൽ പോയി മൺവെട്ടി വാങ്ങി തിരികെയെത്തി, കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൻ്റെ മുന്നിലും പിന്നിലുമുള്ള ഗ്ലാസുകൾ അടിച്ചു തകർക്കുകയായിരുന്നു.
വിവാഹമോചന കേസിൽ ജീവനാംശം ആവശ്യപ്പെട്ട് ജയപ്രകാശിന്റെ ഭാര്യയും അടൂർ സ്വദേശിനിയുമായ സ്ത്രീ പത്തനംതിട്ട കോടതിയിൽ കേസ് നൽകിയിരുന്നു. പിന്നീട് കേസ് തിരുവല്ല കോടതിയിലേക്ക് മാറ്റി. എന്നാൽ ഇവിടെ കേസിന്റെ വിചാരണ അനന്തമായി നീട്ടി ജഡ്ജി ബുദ്ധിമുട്ടിക്കുകയാണെന്ന് ജയപ്രകാശ് ആരോപിച്ചു. ഇതിൻ്റെ ദേഷ്യത്തിലാണ് താൻ കാർ തകർത്തതെന്നും ജയപ്രകാശ് പോലീസിന് മൊഴി നൽകി. കഴിഞ്ഞദിവസം ജഡ്ജിയെ വിമർശിച്ച് ജയപ്രകാശ് ഫേസ്ബുക്കിൽ പോസ്റ്റും ഇട്ടിരുന്നു. സംഭവത്തിൽ ജയപ്രകാശിനെതിരെ പൊതുമുതൽ നശിപ്പിച്ചതിനടക്കം വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.