ആലപ്പുഴ: അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയ സെസി സേവ്യര്‍ കോടതിയില്‍ കീഴടങ്ങി. കേസെടുത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് കീഴടങ്ങിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. വ്യാജരേഖകള്‍ ഉപയോഗിച്ച് പ്രാക്ടീസ് ചെയ്തതിനാണ് സെസി സേവ്യര്‍ക്കെതിരെ കേസെടുത്തത്.
എല്‍എല്‍ബി പാസാകാത്ത സെസി സേവ്യര്‍ വ്യാജ എൻറോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ചുകൊണ്ടാണ് പ്രാക്ടീസ് നടത്തിയിരുന്നത്. ഇത് കണ്ടെത്തിയ ബാര്‍ അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് സെസി പ്രാക്ടീസ് നടത്തിയിരുന്നതെന്നും തെളിഞ്ഞിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇവർ ഒളിവില്‍ പോയി. പിന്നീട് ആലപ്പുഴ സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയെന്നറിഞ്ഞതോടെ മുങ്ങി. തുടർന്ന് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി. കീഴടങ്ങാനും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.
രണ്ട് വർഷത്തോളം ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തുവന്ന ഇവർ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിലും ജയിച്ചിരുന്നു. നിരവധി കേസുകളിൽ ഇവരെ അഭിഭാഷക കമ്മീഷനായും നിയമിച്ചു. യോഗ്യതാ രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ഇവര്‍ക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.