ബ്രഹ്മപുരത്തെ തീ പൂർണ്ണമായും അണച്ചു, പുക പൂർണമായും ശമിച്ചു; അഗ്നിരക്ഷാസേന

ബ്രഹ്മപുരത്തെ തീ പൂർണ്ണമായും അണച്ചെന്ന് അഗ്നിരക്ഷാസേന. പുക പൂർണമായും ശമിച്ചു. 48 മണിക്കൂർ ഫുൾ ടീം നിരീക്ഷണം നടത്തും. അതിനുശേഷം പെട്രോളിങ് ഉൾപ്പെടെയുള്ള തുടർ പരിശോധനകൾ ഉണ്ടാകും. സേനയുടെ പകുതിയിലധികം ഉദ്യോഗസ്ഥരും ബ്രഹ്മപുരത്ത് ഉണ്ടായിരുന്നു. വിജയകരമായി പൂർത്തിയാക്കിയത് വലിയ ദൗത്യമെന്ന് അഗ്നിരക്ഷാസേന വ്യക്തമാക്കി.അതിനിടെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയും പുകയും പൂർണ്ണമായും ശമിച്ചെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. അടുത്ത 48 മണിക്കൂർ നിതാന്ത ജാഗ്രത തുടരും. വായുവിന്റെ ഗുണ നിലവാര സൂചികയും മെച്ചപ്പെട്ടു. പ്രദേശവാസികൾക്കായി അഞ്ചിടങ്ങളിൽ കൂടി ഇന്ന് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ആരംഭിക്കും. കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേയും ഇന്ന് മുതൽ ആരംഭിക്കും. ബ്രഹ്മപുരത്തെ തീ പിടിത്തത്തിൽ ആരോപണങ്ങൾ ഉന്നയിച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ ഇന്ന് മാർച്ച് നടത്തും.അതേസമയം ബ്രഹ്‌മപുരം വിഷയം സഭയില്‍ വീണ്ടും ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ പൊലീസ് അതിക്രമം പ്രതിപക്ഷം നിയമസഭയില്‍ ഇന്ന് ഉന്നയിക്കുമെന്നാണ് വിവരം. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്‌തെന്നും ആരോപണമുണ്ട്. പല ആരോപണങ്ങള്‍ ബ്രഹ്‌മപുരം വിഷയത്തില്‍ ഉയര്‍ന്നിട്ടും അന്വേഷണം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടിയെയും പ്രതിപക്ഷം ചോദ്യം ചെയ്‌തേക്കും.