വേനൽ രൂക്ഷമായതോടെ വിനോദ സഞ്ചാര കേന്ദ്രമായ പാലരുവി ജലപാതം താത്കാലികമായി
അടച്ചു. നീരൊഴുക്ക് കുറഞ്ഞ് ജലപാതം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം
കുറഞ്ഞതോടെയാണ് ഇന്നലെ വൈകിട്ട് ജലപാതം അടച്ചത്.
ചൂട് വർദ്ധിച്ചതോടെ ഉൾവനങ്ങളിൽ നിന്ന് വന്യമൃഗങ്ങൾ ജലപാതത്തിൽ വെള്ളം
കുടിക്കാനെത്തും. വിനോദ സഞ്ചാരികൾ ഉണ്ടെങ്കിൽ വന്യമൃഗങ്ങൾ ജലപാതത്തിലേക്ക്
കടന്നുവരാൻ മടിക്കും. കൂടാതെ കാട്ടുതീ പടരാനുള്ള സാദ്ധ്യതയും
കണക്കിലെടുത്താണ് വെള്ളച്ചാട്ടം താത്കാലികമായി അടച്ചത്.
പ്രദേശത്തെ പുനരുദ്ധാരണ ജോലികൾ ഉടൻ ആരംഭിക്കും. രണ്ടുവർഷം മുമ്പുണ്ടായ
മലവെള്ളപ്പാച്ചിലിൽ ജലപാതത്തിന് താഴെ രൂപപ്പെട്ട കുഴികൾ പൂർണമായും
അടയ്ക്കും. പുനരുദ്ധാരണ ജോലികൾക്ക് വനം വകുപ്പ് 16ലക്ഷം രൂപ
അനുവദിച്ചിട്ടുണ്ട്. സാധാരണ മേയ് അവസാനം ആരംഭിക്കുന്ന സീസൺ ഡിസംബർ വരെ
തുടരും.
മഴയെത്തിയാൽ വീണ്ടും തുറക്കും
വേനൽ മാറി മഴ ആരംഭിക്കുന്നതോടെ ജലപാതം വീണ്ടും തുറക്കും. വനംവകുപ്പിന്റെ
നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടത്തിൽ 45
ഓളം പുരുഷ, വനിത ഗൈഡുകളാണുള്ളത്. ഇവരാണ് ടിക്കറ്റ് നൽകുന്നതും സുരക്ഷ
ക്രമീകരിക്കുന്നതും. ഓഫീസ് കവാടത്തിലെത്തുന്ന വിനോദ സഞ്ചാരികളെ വനം
വകുപ്പിന്റെ ബസുകളിലാണ് ജലപാതത്തിന് സമീപം എത്തിക്കുന്നത്.